Monday, December 23, 2024
Jeevan MRI Kottayam, Thodupuzha
Home Culture പരുമല പെരുന്നാള്‍ കൊടിയേറി
പരുമല പെരുന്നാള്‍ കൊടിയേറി

പരുമല പെരുന്നാള്‍ കൊടിയേറി

പത്തനംതിട്ട ജില്ലയിലെ പരുമല എന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയവും പ്രമുഖ തീർഥാടന കേന്ദ്രവുമാണ് പരുമല പള്ളി.

by Editor
Mind Solutions

പരുമല: ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമപ്പെരുന്നാളിന് കൊടിയേറി. പരുമല പള്ളിയിൽനിന്നു പ്രാർഥിച്ച് ആശീർവദിച്ച കൊടികളുമായി വിശ്വാസികൾ പ്രദക്ഷിണമായി പ്രധാന കൊടിമരത്തിനു സമീപമെത്തി പ്രാർഥനയ്ക്കു ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റ് നിർവഹിച്ചു. രണ്ടാമത്തെ കൊടിമരത്തിൽ സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസും മൂന്നാമത്തെ കൊടിമരത്തിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസും കൊടിയേറ്റി.

പാവപ്പെട്ടവരുടെയും അശരണരുടെയും കണ്ണീരൊപ്പാൻ സഭയെയും സമൂഹത്തെയും പഠിപ്പിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്നും സേവനത്തിനും പ്രാർഥനയ്ക്കുമായി അദ്ദേഹം സ്വയം സമർപ്പിച്ചുവെന്നും തീർഥാടന വാരാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കാതോലിക്കാ ബാവാ പറഞ്ഞു. ഹാരിസ് ബീരാൻ എംപി മുഖ്യ പ്രഭാഷണം നടത്തി. 19–ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹികപരിഷ്‌കർത്താക്കളിൽ പ്രധാനിയായ പരിശുദ്ധ പരുമല തിരുമേനി കേരളത്തിന്റെ നവോത്ഥാനത്തിന് നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി എംപി, മാത്യു ടി.തോമസ് എംഎൽഎ, പഞ്ചായത്തംഗം വിമല ബെന്നി, സഭാ പ്രതിനിധികൾ, പരുമല കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. ഓർമപ്പെരുന്നാൾ നവംബർ 2ന് സമാപിക്കും.

പത്തനംതിട്ട ജില്ലയിലെ പരുമല എന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയവും പ്രമുഖ തീർഥാടന കേന്ദ്രവുമാണ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി അഥവാ പരുമല പള്ളി. ഭാരതത്തിലെ ക്രൈസ്തവ സഭകളിൽ നിന്ന് ആദ്യം പരിശുദ്ധ സ്ഥാനം നേടിയ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഈ ദേവാലയം തിരുവല്ലയിൽ നിന്ന് 7 കിലോമീറ്ററും ചെങ്ങന്നൂരിൽ നിന്ന് 10 കിലോമീറ്ററും പന്തളത്ത് നിന്ന് 25 കിലോമീറ്ററും ദൂരത്തിലാണ് സ്ഥതിചെയ്യുന്നത്. പരുമല തിരുമേനിയെ അദ്ദേഹത്തിന്റെ കാലശേഷം പരിശുദ്ധനായി ഓർത്തഡോക്സ്‌ സഭ പ്രഖ്യാപിക്കുകയും പരുമല പള്ളി കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാകുകയും ചെയ്തു. പരുമലയിൽ ഇപ്പോഴുള്ള പള്ളി രൂപകല്പന ചെയ്തത് പ്രശസ്ത വാസ്തുശില്പിയായ ചാൾസ് കൊറയ ആയിരുന്നു. പരുമല പള്ളിയുടെ രൂപകല്പനയ്ക്കായി മലങ്കരയിലെ പല പഴയ സുറിയാനി പള്ളികളും ഈജിപ്റ്റിലെ ചില കോപ്റ്റിക് ദേവാലയങ്ങളും ചാൾസ് കൊറയ സന്ദർശിച്ചിരുന്നു. കൊറയ അവതരിപ്പിച്ച മാതൃക 1993-ൽ അംഗീകരിക്കപ്പെട്ടു. 1995 മാർച്ച് 19-ന് ശിലാസ്ഥാപനം നടത്തിയ ഈ പള്ളിയുടെ പണി പൂർത്തീകരിച്ച് കൂദാശ നടത്തിയത് 2000 ഒക്ടോബർ 27, 28 തീയതികളിലായിരുന്നു. പുതുമയുടെയും പാരമ്പര്യത്തിന്റെയും സമന്വയമായ ഈ ദേവാലയത്തിൽ ഒരേ സമയത്ത് രണ്ടായിരത്തിലധികം ആളുകൾക്ക് ആരാധനയിൽ സംബന്ധിക്കാൻ സൗകര്യമുണ്ട്.

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!