പത്തനംതിട്ട: സ്വാമിഭക്തർക്ക് ദർശനത്തിന്റെ പുണ്യനാളുകൾ സമ്മാനിച്ച് മണ്ഡലകാല തീർഥാടനത്തിന് ഇന്നു തുടക്കമാകും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണു നട തുറക്കുക. ഭക്തർക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ സന്നിധാനത്തേക്കു പ്രവേശനം അനുവദിക്കും. വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വാർത്താക്കുറിപ്പിൽ സർക്കാർ അറിയിച്ചു.
ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ ആപ് പറത്തിറക്കി. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ അറിയിച്ചു. ആധുനിക ചാറ്റ് ബോട്ട് സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങൾ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്. നടതുറക്കൽ, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ‘സ്വാമി ചാറ്റ് ബോട്ടിലൂടെ’ ലഭ്യമാകും.
ശബരിമല തീർത്ഥാടകർക്കായി കേന്ദ്ര സർക്കാർ സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ സ്റ്റേഷനുകളിലെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസുകൾ അനുവദിച്ചിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തരാണ് ശബരിമലയിൽ ദർശനത്തിനെത്തുന്നത്. ഇവർക്ക് സ്പെഷ്യൽ സർവീസുകൾ വളരെയധികം ഉപയോഗപ്രദമാകും. ട്രെയിനുകൾക്ക് പുറമേ ശബരിമല തീർത്ഥാടകർക്കായി കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ സ്‌റ്റേഷനുകളിൽ വിപുലമായ ഒരുക്കങ്ങളാണ് റെയിൽവേ നടത്തിയിരിക്കുന്നത്.