ദില്ലി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നും നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്. എസ് ഡി ആർ എഫ് ചട്ടം പ്രകാരം നോട്ടിഫൈ ചെയ്ത 12 ദുരന്തങ്ങളിൽ ഒന്നാണ് മിന്നൽ പ്രളയമെന്നും സംസ്ഥാനമാണ് ഇതിനാവശ്യമായ എല്ലാ സാമ്പത്തിക സഹായവും നൽകേണ്ടതെന്നും കത്തിലുണ്ട്. വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തത് കേന്ദ്രസർക്കാർ മനഃപൂർവമാണെന്ന പ്രചാരണത്തിനാണ് ഇതോടെ വ്യക്തത വന്നിരിക്കുന്നത്.
ഗുരുതരമായ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ എൻഡിആർഎഫിൽ നിന്ന് അധിക സാമ്പത്തിക സഹായം ലഭ്യമാകും. കേന്ദ്രമന്ത്രിതല സംഘം (IMCT) ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം അവരുടെ റിപ്പോർട്ട് പ്രകാരം അധികസഹായം അനുവദിക്കുകയാണ് ചെയ്യുക. എസ്ഡിആർഎഫിൽ 388 കോടി രൂപ (291.20 കോടി കേന്ദ്രവിഹിതം + 96.80 കോടി സംസ്ഥാന വിഹിതം) നടപ്പ് സാമ്പത്തിക വർഷത്തിൽ കേരളത്തിനായി വകയിരുത്തിയിട്ടുണ്ട്. കേന്ദ്രവിഹിതത്തിന്റെ ആദ്യ ഗഡുവായ 145.60 കോടി രൂപ കഴിഞ്ഞ ജൂലൈ 31-ന് കേരളത്തിന് കൈമാറിയതാണ്. രണ്ടാം ഗഡുവായ 145.60 കോടി ഒക്ടോബർ ഒന്നിനും കൈമാറി. സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക എസ്ഡിആർഎഫ് ഫണ്ടിലുണ്ടെന്നാണ് കേരളത്തിന്റെ അക്കൗണ്ട് ജനറൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇതിനോടകം നൽകിയ തുക വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്നും നിത്യാനന്ദ റായ് വ്യക്തമാക്കി. ദുരന്തം നേരിടാനാവശ്യമായ തുക സംസ്ഥാനത്തിൻ്റെ പക്കൽ ഇപ്പോൾ തന്നെയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രിയുടെ മറുപടി കത്തിലുണ്ട്.
എന്നാൽ ദുരന്തനിവാരണ നിയമമനുസരിച്ചു കേന്ദ്രസർക്കാർ വർഷാവർഷം നൽകേണ്ട സഹായം മാത്രമേ കേരളത്തിനു ലഭിച്ചിട്ടുള്ളൂ. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും ലഭിക്കുമായിരുന്ന ഈ ഫണ്ട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനു പര്യാപ്തമല്ല. വലിയ ദുരന്തങ്ങളുണ്ടാകുമ്പോൾ എസ്ഡിആർഎഫ് വിഹിതത്തിനു പുറമേ ദേശീയ ദുരന്തനിവാരണഫണ്ടിൽ നിന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കു കൂടുതൽ സഹായം നൽകാറുണ്ട്. കേരളത്തിന് ഈ സഹായമോ മറ്റു സംസ്ഥാനങ്ങൾക്കു ലഭിച്ചതുപോലുള്ള അടിയന്തര ധനസഹായമോ ലഭിച്ചിട്ടില്ല എന്നാണ് കേരളം പറയുന്നത്. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണു കേരളം ആവശ്യപ്പെട്ടത്.