11 വർഷങ്ങൾക്കിപ്പുറം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. മോഹൻലാൽ ഇന്ന് കൊളംബോയിൽ വിമാനമിറങ്ങും. അടുത്തദിവസം കൊച്ചിയിൽ നിന്നും മമ്മൂട്ടിയും കൊളംബോയിൽ എത്തും. ഇരുവരും താമസിക്കുന്നതും ഒരേ ഹോട്ടലിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയാണിത്. മമ്മൂട്ടി കമ്പനിയും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ചിത്രത്തിലുണ്ട്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് 100 ദിവസത്തെ ഷൂട്ടും മോഹന്‍ലാലിന് 30 30 ദിവസത്തെ ഡേറ്റുമാണ് ഉള്ളതെന്നാണ് ഫ്രൈഡേ മാറ്റ്നീ റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനായി ഡീഏജിങ് ടെക്നോളജിയും ചിത്രത്തില്‍ ഉപയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരുടേയും യുവകാലം അങ്ങനെ ഒന്നിച്ചു കാണാനാകുമോ എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ അത് മലയാള സിനിമാലോകത്തിനു തന്നെ ഒരു പുത്തന്‍ അനുഭവമാകും.
ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് പുരോഗമിക്കുക. പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദനായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. അങ്ങനെയെങ്കിൽ മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമാകും ഇത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്.
80 കോടിയോളം ബജറ്റിലാണ് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. പതിനൊന്നുവര്‍ഷംമുന്‍പ് മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുവരും തുല്യപ്രധാന്യമുള്ള നായകരായി അവസാനമായി ഒന്നിച്ചത് 2008-ല്‍ ട്വന്റി-20 യിലാണ്. ജോഷി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്‌സോഫീസില്‍ റെക്കോഡ് വിജയമാണ് നേടിയത്.