ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. അവസാന നിമിഷം വരെ സസ്പെൻസ് നിലനിന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലെത്തി. ഇന്ത്യയുയർത്തിയ 219 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്ക് ഭീഷണിയായ ക്ലാസനെയും യാൻസനെയും വീഴ്‌ത്തി ജയമൊരുക്കിയത് അർഷദീപ് സിംഗിന്റെ ബൗളിംഗ് മികവായിരുന്നു. 37 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ അർഷദീപാണ് വിജയ ശില്പി. വരുൺ ചക്രവർത്തി രണ്ടു വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ ബാറ്റിംഗിനിറങ്ങിയവരെല്ലാം ശരാശരിക്ക് മുകളിലുള്ള പ്രകടനം കാഴ്ചവച്ചു. തിലക് വർമയുടെ കന്നി സെഞ്ച്വറിയും ഫോമിലേക്ക് ഉയർന്ന അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. തിലക് 51 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും മലയാളി താരം സഞ്ജു സാംസണിനു നിരാശ. രണ്ടു പന്തുകൾ മാത്രം നേരിട്ട സഞ്ജു റണ്ണൊന്നുമെടുക്കാതെ പുറത്തായി. ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടു സെഞ്ചറികൾക്കു ശേഷം ആണ് തുടർച്ചയായി രണ്ടു തവണ പൂജ്യത്തിനു പുറത്താകുന്നത്. മാര്‍ക്കോ യാന്‍സനാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിനെ പൂജ്യനായി മടക്കിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. സിമെലെനെയുടെ പന്തില്‍ സൂര്യകുമാറിനെ (4 പന്തില്‍1) മാര്‍ക്കോ യാന്‍സന്‍ പിടികൂടി.