ചെന്നൈ: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാന സമ്മേളനം ഇന്നലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടന്നു. 85 ഏക്കറിലെ പടുകൂറ്റൻ സമ്മേളന നഗരിയിൽ 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ചാണു വിജയ് പാർട്ടി പതാക ഉയർത്തിയത്. 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വിജയ് വേദിയിലെത്തിയത്. പതിവ് ശാന്തത വിട്ട് വീറോടെ പ്രസംഗിച്ച വിജയ്‌യുടെ ഓരോ വാചകത്തെയും പ്രവർത്തകരും ആരാധകരും കയ്യടികളോടെയാണു വരവേറ്റത്. തമിഴ് സിനിമയിലെ പോലെ മാസ് ചേരുവകളോടെയായിരുന്നു ടിവികെയുടെ സമ്മേളനവും വിജയ്‌യുടെ പ്രസംഗവും. സാമൂഹ്യ നീതിയിൽ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു.
ജനിച്ചവരെല്ലാം തുല്യരാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. നമ്മള്‍ എല്ലാവരും തുല്യരാണെന്നും രാഷ്ട്രീയത്തിൽ എല്ലാം മാറണമെന്നും ഇല്ലെങ്കില്‍ മാറ്റുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെയും ആരാധകരെയും ഇളക്കിമറിച്ചുകൊണ്ടാണ് വിജയ് സംസ്ഥാന സമ്മേളനത്തിൽ പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയത്തിലിറങ്ങുന്നത് ഭയമില്ലാതെയാണെന്നും ഒട്ടും പേടിയില്ലെന്നും വിജയ് പറഞ്ഞു. സാമൂഹ്യ നീതിയിൽ ഊന്നിയ മതേതര സമൂഹമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറില്ല. ഇത് പണത്തിനുവേണ്ടിയല്ല. മാന്യമായിട്ടായിരിക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. താൻ ആരുടെയും എ ടീമോ ബി ടീമോ അല്ല. അഴിമതിക്കാരായ കപടമുഖം മൂടി ധരിച്ചവരെ നേരിടുന്ന നാള്‍ വിദൂരമല്ല. 2026-ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. 2026-ലെ തെരഞ്ഞെടുപ്പിൽ ടിവികെ ചിന്ഹനത്തിൽ തമിഴ്നാട് വോട്ട് ചെയ്യുമെന്നും വിജയ് പറഞ്ഞു. സിനിമയിൽ നിന്നിറങ്ങി മുഖ്യമന്ത്രിമാരായ എൻടിആറിനെയും എംജിആറിനെയും പ്രസംഗത്തിൽ പരാമര്‍ശിച്ചുകൊണ്ട് താൻ വന്നത് തമിഴ്നാട് മുഖ്യമന്ത്രിയാകാനാണെന്നും വിജയ് സൂചിപ്പിച്ചു. തന്‍റെ കരിയറിന്‍റെ ഉന്നതിയിൽ നിങ്ങൾക്കായി ഞാൻ ഇറങ്ങുകയാണെന്നും അധികാരത്തിന്‍റെ പങ്ക് പിന്തുണയ്ക്കുന്നവര്‍ക്കും നൽകുമെന്നും വിജയ് പറഞ്ഞു. ഡിഎകെയുടെയും എഐഎഡിഎംകെയുടെയും സഖ്യകക്ഷികളെ ലക്ഷ്യമിട്ടുകൊണ്ട് സഖ്യത്തിന് തയ്യാറാണെന്നും വിജയ് പ്രഖ്യാപിച്ചു.
ഡിഎംകെയ്ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തികൊണ്ടായിരുന്നു വിജയുടെ പ്രസംഗം. ആശയപരമായി ബിജെപിയും, രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ഡിഎംകെ സര്‍ക്കാര്‍ ദ്രാവിഡ മോഡൽ എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാടിനെ കൊള്ളയടിക്കുകയാണ് ഡിഎംകെ കുടുംബം എന്ന് വിജയ് ആരോപിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടറിയേറ്റിന്റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മര്‍ദം ചെലുത്തും, സംസ്ഥാന സര്‍ക്കാരിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വര്‍ണവിവേചനത്തിനെതിരെ ശക്തമായ ശിക്ഷ നടപ്പാക്കും തുടങ്ങിയ പാര്‍ട്ടി നയങ്ങളും വിജയ് പ്രഖ്യാപിച്ചു.
സമൂഹ്യ നീതി, സമത്വം, മതേതരത്വം എന്നതാണ് നയമെന്ന് തമിഴക വെട്രിക് കഴകം. സ്ത്രീ സമത്വത്തിന് ഊന്നൽ നൽകും. മൂന്നിൽ ഒന്ന് സ്ഥാനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും ഇത് അൻപത് ശതമാനമായി ഉയർത്തുമെന്നും തമിഴക വെട്രിക് കഴകത്തിന്റെ നയം. തമിഴ്നാട്ടിൽ തമിഴും ഇംഗ്ലീഷും മതിയെന്ന് നിലപാട്. കൂടുതൽ വ്യവസായങ്ങൾ തമിഴ്നാട്ടിൽ എത്തിക്കുമെന്ന് ടിവികെയുടെ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. ജാതി സെൻസസിനെ പിന്തുണച്ചു. ജാതി സെൻസസ് നടത്തി സമൂഹനീതി ഉറപ്പ് വരുത്തുമെന്ന് നയം. മധുരയിൽ ഭരണകേന്ദ്രം ഉണ്ടാകുമെന്നും പ്രഖ്യാപനം.