25
ടൊറൻ്റോ: കാനഡയിൽ ടെസ്‌ല കാർ നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച് വൻ അപകടം. സഹോദരങ്ങൾ ഉൾപ്പടെ നാല് ഇന്ത്യക്കാർ മരിച്ചു. ഗുജറാത്തിലെ ഗോദ്ര സ്വദേശികളായ സഹോദരങ്ങൾ മറ്റ് രണ്ട് പേർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയായിരുന്നു അപകടം. ബ്രാംപ്റ്റണിൽ താമസക്കാരായ ഇവർ രാത്രിഭക്ഷണം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലും പിന്നാലെ കോൺക്രീറ്റ് തൂണിലും ഇടിക്കുകയായിരുന്നു. പിന്നാലെ തീപ്പിടിത്തമുണ്ടായതായി ദൃക്സാക്ഷി പറഞ്ഞു. ഇവരിൽ ഒരാൾ കാറിനുള്ളിൽ നിന്ന് അലറി വിളിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ പുറത്തെത്തിച്ചെങ്കിലും ഗുരുതര പൊള്ളലേറ്റിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രമധ്യേ അവരും മരണത്തിന് കീഴടങ്ങി.