ആറു മണി കഴിഞ്ഞു ഇസ കണ്ണു തുറക്കുമ്പോൾ. ജോയൽ അപ്പോഴും അവളുടെ മാറിൽ ചേർന്നു പാല് കുടിച്ചപടി കടി വിടാതെ കിടക്കുകയായിരുന്നു. ഇസ എണീക്കാൻ നോക്കിയപ്പോൾ ചെറുക്കൻ കാറിക്കൊണ്ട് അമ്മയെ ചുറ്റിപ്പിടിച്ചു.
‘കൊച്ചിന്റെ കുടി നിർത്താൻ പറഞ്ഞാൽ അവള് കേൾക്കില്ല.. വയസ് മൂന്നാകുന്നു ചെറുക്കന്…’
പുതപ്പ് തല വഴിയിട്ട് തിരിഞ്ഞു കിടന്ന് അലക്സ് ഒച്ചയിട്ടു.
ജോയലിനെ തട്ടിപ്പൊത്തി ഉറക്കിയിട്ട് ഇസയെണീറ്റു.
അടുക്കളയിലോട്ട് ചെല്ലുമ്പോൾ അനക്കമൊന്നുമില്ല. ഞായറാഴ്ചയുടെ പരമ ശാന്തത. അമ്മേം അപ്പനും പള്ളീൽ പോയിരിക്കുന്നു. പതിവുപോലെ ഇഡ്ഡലി പുഴുങ്ങി വച്ചിട്ടുണ്ട്. ഇന്നലെ അരച്ച് ഫ്രിഡ്ജിൽ വച്ച തേങ്ങാച്ചമ്മന്തിയുടെ പാത്രമെടുത്ത് പാതകത്തേൽ വച്ചു. അതിനിടയിൽ ഒരു ചായ വച്ച് മൂന്നാല് ഇഡ്ഡലി ചമ്മന്തിയിൽ കുളിപ്പിച്ചതും കൂട്ടി തിന്നാലോ എന്നൊരാലോചന വന്നെങ്കിലും ചില സന്ദേഹങ്ങൾ കൊണ്ട് ആ മോഹം ഇസയങ്ങടക്കി. അല്ലേൽ തന്നെ അന്നമ്മച്ചി പറയുന്നത് ഇസയ്ക്ക് തിന്നണമെന്ന ഒറ്റ വിചാരമേ ഉള്ളെന്നാണ്. അവര് എണ്ണിപ്പുഴുങ്ങി വച്ചേച്ചു പോയ ഇഡ്ഡലിയാണ്.. കർത്താവേ വേണ്ട… എന്നതാണേലും ഇസ ചായയുണ്ടാക്കി കുടിച്ചു.
മുറ്റത്ത് ചെന്ന് അവിടെക്കിടന്ന പത്രമെടുത്ത് നിവർത്തി ചെറിയൊരു വായനയ്ക്കിടയിലാണ് ചായ കുടിച്ചത്. ചായ തീർന്നതും പത്രം അവിടെത്തന്നെയിട്ട് അവൾ അടുക്കളേലോട്ട് ഓടി. ചീനച്ചട്ടി അടുപ്പത്ത് വച്ച് എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചമ്മന്തി തയാറാക്കി. ഇഡ്ഡലീം ചമ്മന്തിപ്പാത്രോം, കഴിക്കാനുള്ള മേശമേൽ വച്ചു. വീണ്ടും കൂടുതൽ ചായയുണ്ടാക്കി ഫ്ളാസ്കിലൊഴിച്ച് അതും പ്ളേറ്റും കപ്പുമൊക്കെ മേശപ്പുറത്ത് വച്ചു.
പള്ളി കഴിഞ്ഞ് വരുമ്പഴേ അപ്പനും അന്നമ്മച്ചീം കഴിക്കാനിരിക്കും. ഞായറാഴ്ച ആയതു കൊണ്ട് അലക്സ് കുറെ കഴിഞ്ഞേ എണീക്കൂ… അന്നമ്മച്ചി വീട്ടിലില്ലാത്തതു കൊണ്ട് ഒരു മൂളിപ്പാട്ടൊക്കെ പാടി ഒന്നുഷാറാകണമെന്ന് ഇസയോർത്തെങ്കിലും സമയം നോക്കിയതും പാട്ടെല്ലാം ഇസ ചങ്കിലൊതുക്കി.
പള്ളി പിരിയാൻ നേരമാകുന്നു. ഇപ്പഴിങ്ങെത്തും. ഉച്ചയ്ക്കത്തേ ചോറിനുള്ള അരി ചെറിയ അലുമിനിയം ചരുവത്തിലിരുപ്പുണ്ട്. അന്നമ്മച്ചി എടുത്തു വച്ചിട്ട് പോയതാണ്. ഇസ അതങ്ങ് വച്ചാൽ മതി. ഒരരിമണി കൂടുതലും വേണ്ട കുറവും വേണ്ട.
ഇന്നും മനസ് മുഷിഞ്ഞെങ്കിലും ഇസ അരി കഴുകാൻ തുടങ്ങി. അടുപ്പത്ത് കലത്തിലെ അരി തിളച്ചുപൊങ്ങിയതും മുറ്റത്ത് സ്കൂട്ടർ വന്നു നിന്ന ഒച്ച കേട്ടു. ഒപ്പം ജോയൽ ഉണർന്ന് ഉറക്കെ കരയുന്ന ശബ്ദവും.. എല്ലാം കൂടി ഒന്നിച്ച് … മനസ്സിൽ പിറുപിറുത്തു കൊണ്ട് ഇസ അടുക്കളയും ഊണ് മുറിയും കടന്ന് ഓടിച്ചെന്ന് മുൻവാതിൽ തുറന്നു. നോക്കുമ്പോൾ സ്കൂട്ടറിന്റെ പിന്നിൽ നിന്ന് അന്നമ്മച്ചി ഊർന്നിറങ്ങുന്നേയുള്ളു. അപ്പൻ അമ്മയ്ക്കിറങ്ങാൻ പാകത്തിൽ സ്കൂട്ടർ ചായിച്ച് കൊടുക്കുന്നു…
ആ നല്ല കാഴ്ചയിലേക്ക് നോക്കുമ്പോഴാണ് യജമാനൻ മേശപ്പുറത്തെ ബെല്ലിൽ ദേഷ്യം കൊണ്ട് ഞെക്കിപ്പിടിക്കും പോലെ ജോയൽ വീണ്ടും നിലവിളിക്കുന്നത്. ഇസ ഉടനെ അവൻറടുത്തേയ്ക്കോടി.
‘ആഹാ തിരുക്കുടുംബം ഇതുവരെ എണീറ്റില്ലേ’
ഞായറാഴ്ചയാന്ന് വല്ല വിചാരോമൊണ്ടോ.. പള്ളീം പട്ടക്കാരും ഒന്നും വേണ്ടല്ലോ…
അന്നമ്മച്ചി ചപ്രം ചിപ്രം പറഞ്ഞോണ്ട് പോകുന്നത് ഇസ കേട്ടു … അവൾക്ക് നല്ലതൊക്കെ വായിൽ കുഴഞ്ഞു. എല്ലാ ഞായറാഴ്ചേം ഇത് പതിവാ. വൈകിട്ടത്തെ കുർബാനയ്ക്കാണ് അലക്സും ഇസയും പോകുന്നതെന്ന് അന്നമ്മച്ചിക്കറിയാം.. എന്നിട്ടാണ്.
കുർബാന കൈക്കൊണ്ടേച്ച് വന്നിരിക്കുവാ… ഇസയുടെ പല്ലുകൾക്കിടയിൽ വാക്കുകൾ കിളിർത്തു..
അമ്മ പള്ളീന്നു വന്നോടീ.. പുതപ്പ് മുഖത്തൂന്ന് മാറ്റി അലക്സിന്റെ ചോദ്യം.
ഇല്ല .. അവിടെത്തന്നെ കിടന്നോ.. ജോയലിനേം ഒക്കത്തെടുത്ത് പോകുമ്പോൾ അലക്സിനെ മൂടിക്കിടന്ന പുതപ്പ് ഒറ്റ വലിക്ക് താഴെയിടാനും ഇസ മറന്നില്ല.
ഇഡ്ഡലീം കഴിച്ച് ചായേം കുടിച്ചിട്ട് അപ്പൻ പത്രം വായിക്കാൻ പോയി. കഴിച്ച പാത്രം അടുക്കളേൽ കൊണ്ട് വച്ചിട്ട് അന്നമ്മച്ചി ഇസയോട് പറഞ്ഞു.‘ ഞാനിപ്പം വരാം.. നീയാ ഇറച്ചി കഴുകി വിനാഗിരി പെരട്ടി വാലാൻ വച്ചേക്ക് … വെളുത്തുള്ളി പൊളിച്ച് ഇഞ്ചീം സവാളേം തക്കാളീം ഒക്കെ അരിഞ്ഞേക്കണം. ചൊവ്വേ കഴുകണം കേട്ടല്ലോ’
കണ്ണോട് കണ്ണ് നേരെ നോക്കാതെ അന്നമ്മച്ചി ഇസയ്ക്ക് നിർദ്ദേശം കൊടുത്തിട്ട് അടുക്കള വഴിയിറങ്ങിപ്പോയി. സത്യ ക്രിസ്ത്യാനിമാരായ അപ്പനും അമ്മേം കുർബാനയ്ക്ക് ശേഷം പള്ളീടെ അടുത്ത കടേന്ന് നുറുക്കി വാങ്ങിക്കൊണ്ടുവന്ന പോത്തിറച്ചിപ്പൊതി ഇസയെ നോക്കി കണ്ണിറുക്കി കാണിച്ചു. എന്നെ അന്നമ്മച്ചി കറിയാക്കിക്കോളും എന്ന മട്ടിൽ ‘
മതിലിൻ ചോട്ടിൽ നിന്ന് അന്നമ്മച്ചിയും അപ്പുറത്ത് പൊക്കത്തിൽ നിന്ന് മറിയാമ്മാൻറിയും വർത്തമാനം പറയുന്നത് ഇസയ്ക്ക് കേൾക്കാം. പാപ്പച്ചനങ്കിൾ പറമ്പ് നോക്കാനെന്ന പോലെ അവരുടെ സാമീപ്യം വിടാതെ മണ്ടി നടക്കുന്നതും ഇസയ്ക്ക് കാണം. ഞായറാഴ്ച ദിവസമായിട്ട് ആ അയൽപക്കക്കാർ തന്നെപ്പോലെ പരസ്പരം സ്നേഹിച്ചു നിൽക്കുന്നത് കണ്ട് ഇസയ്ക്ക് കലിക്കാൻ തുടങ്ങി.
അടുക്കളേം ജോയലും കൂടിയുള്ള കലമ്പലിനിടയിൽ അലക്സ് വന്ന് ഇഡ്ഡലി കഴിച്ചതൊന്നും ഇസ അറിഞ്ഞില്ല. ഒടുവിൽ അവൾ ചെല്ലുമ്പോൾ കാസറോളിൽ കൃത്യം ഇഡ്ഡലി രണ്ടെണ്ണം ബാക്കിയുണ്ട്. ഒക്കത്തിരുന്ന് ചിണുങ്ങുന്ന ജോയലിനെ നോക്കിയപ്പോൾ ഇസയ്ക്ക് വെറുതെ കണ്ണു നിറഞ്ഞു വന്നു.
കോട്ടയം പട്ടണത്തിനകത്ത് അതും കുമരകം റൂട്ടിൽ 80 സെൻറ് സ്ഥലോം കടമുറികളും ഉണ്ടെന്ന് പറഞ്ഞാൽ അതൊരു ഭാഗ്യമല്ലേ… ഇസമോൾക്ക് അല്ലലില്ലാതെ ജീവിക്കാൻ അത് പോരെ.. അലക്സിനെന്തിനാ വേറെ ജോലി …
ഏലോം കാപ്പീം കുരുമുളകും വളർത്തി അല്ലലില്ലാതെ ജീവിച്ച ഇച്ചായന്റെ കണക്കുകൂട്ടലോർത്തപ്പോൾ ഇസയ്ക്ക് ചിരിയ്ക്കാൻ തോന്നിയില്ല. ഏന്തയാറിലെ പ്ളസ് ടു പഠനവും കഴിഞ്ഞ് ചങ്ങനാശ്ശേരീലെ പെൺകോളേജിൽ ബി.എയ്ക്ക് പഠിച്ചിരുന്നപ്പോഴാണ് കോട്ടയം പട്ടണത്തിലെ ഭാഗ്യവാൻ ഇസയെ കെട്ടാൻ വന്നത്.
കല്ല്യാണം പെട്ടെന്നങ്ങ് നടന്നു. കൂട്ടുകാരി മെറിൻ അന്ന് പറഞ്ഞത് ഇസ അലക്സ് എന്ന പേര് തന്നെ എന്തു ശേലാണെന്നാണ്. അങ്ങനെ ബി.എ പൂർത്തിയാക്കാതെ അലക്സ് കെട്ടിയതുകൊണ്ട് ഇസ ഭാഗ്യവതിയായ ഇസയായി മാറിയെന്നാണ് ഏന്തയാറുകാർ കരുതിയത്. പട്ടണത്തിലെ 80 സെൻറും കടമുറികളും കാനഡയിലും ഓസ്ട്രേലിയയിലും നേഴ്സ് ജോലിയുള്ള ഭാര്യമാരുള്ള അലക്സിന്റെ രണ്ട് ചേട്ടൻമാരും എല്ലാം കൂടി ഇസയെ ഭാഗ്യവതിയെന്ന വിളിക്ക് യോഗ്യയാക്കി.
മകളുടെ അത്യന്തം ഭാഗ്യം നിറഞ്ഞ ജീവിതം കാണാതെ ഇസയുടെ ഇച്ചായൻ രണ്ടു മാസത്തിനകം മരിച്ചു പോയി. ആദ്യമൊക്കെ അവൾ മിക്കവാറും ഏന്തയാറിൽ തന്നെയായിരുന്നു. അവിടെ അമ്മയ്ക്കും ചേട്ടനുമൊപ്പം പഴയതിനെക്കാൾ സ്വാതന്ത്ര്യത്തോടെ അവൾ ജീവിച്ചു പോന്നു. ജോയലുണ്ടായ മാസം തന്നെയാണ് ചേട്ടന്റെ കല്യാണവും നടന്നത്. ചങ്ങനാശ്ശേരി കോളജിലെ ഹോസ്റ്റലിൽ ഇസയെ കാണാൻ വന്നിരുന്ന അവളുടെ ചേട്ടനും കൂട്ടുകാരി മെറിനും തമ്മിലുള്ള കളിചിരികൾ മെറിനെ ഇസയുടെ നാത്തൂനാക്കി മാറ്റി. ഇ സയ്ക്ക് ഏറെ സന്തോഷമായി.
കോട്ടയത്തെ 80 സെൻറും കടമുറികളൂം സത്യം പറഞ്ഞാൽ ഒരു ചുരിദാറിന് പോലും ഇസ യ്ക്ക് പ്രയോജനപ്പെട്ടില്ല. അപ്പനും അന്നമ്മച്ചീം ചേർന്ന് കാര്യങ്ങൾ നടത്തുന്നതിനിടയ്ക്ക് അലക്സും ഇസയും ജീവിച്ചു പോന്നെന്നു മാത്രം. അപ്പനറിയാതെ ഒപ്പിച്ചെടുക്കുന്ന കാശ് അലക്സിന് ഒന്നിനും മതിയായില്ല. വൈകിട്ടത്തെ കറക്കം കഴിഞ്ഞു വരുമ്പോൾ ഒരു പൊതി ചിക്കൻ ഫ്രൈ കൊണ്ടു വന്നാലായി. തരാതരം ഉടുപ്പുകൾ വാങ്ങാനോ കറങ്ങി നടക്കാനോ ഒന്നും അലക്സ് വിചാരിച്ചാൽ നടക്കില്ലെന്ന് ഇസയ്ക്കറിയാം. സൂപ്പർ മാർക്കറ്റിൽ കാണുന്ന നിറവും മണവുമൊക്കെയുള്ള സാധനങ്ങൾ വാങ്ങാനും നല്ല ചെരുപ്പിട്ട് നടക്കാനുമൊക്കെയുള്ള മോഹങ്ങൾ ഇസയങ്ങനെ അടക്കിപ്പിടിച്ചു നടന്നു.
എന്നാൽ ചേട്ടന്റെ നോട്ടം ഇസയെ ചുറ്റി നിന്നതു കൊണ്ട് അവൾ രക്ഷപ്പെട്ടു. മാസാമാസം ചോദിക്കാതെ തന്നെ ഇസയുടെ ബാങ്കിലേക്ക് പണമെത്തിക്കൊണ്ടിരുന്നു.’ എന്നാൽ ഏന്തയാറിലോട്ടുള്ള പോക്ക് അതിനാൽ തന്നെ കുറഞ്ഞു വന്നു. ഇസയ്ക്ക് സഹോദരൻ കാശ് കൊടുക്കുന്നത് കണ്ടു പിടിച്ച മെറിൻ അരിശം മുഴുവൻ കുറേശ്ശെ കുറേശ്ശെ പുറത്തെടുത്തു. ഇസ വിളിച്ചാൽ മെറിൻ ഫോണെടുക്കാറില്ല. വല്ലപ്പോഴും സംസാരിക്കേണ്ടി വരുമ്പോൾ മെറിൻ എങ്ങും തൊടാതെ വല്ലതുമൊക്കെ പറയും… അവൾ തന്റെ കൂട്ടുകാരിയായിരുന്നതു പോലും മറന്ന പോലെ ….
ഇച്ചായനുള്ളപ്പോൾ യജമാനത്തിയായി നടന്ന അമ്മയ്ക്കു പോലും ഇപ്പോൾ ഒന്നും പറയാനില്ല. മെറിന് ചുറ്റും അമ്മ പതറി നടക്കുന്ന പോലെ … പൊഴിഞ്ഞു വീഴുന്ന കുരുമുളകും കുഞ്ഞ് ഏലക്കായയുമൊക്കെ പാത്തുവച്ച പൊതികൾ കൊടുക്കും അമ്മ… ഇസയ്ക്കതൊന്നും വേണ്ടെന്നവൾ പറയും. കാനഡക്കാരും ഓസ്ട്രേലിയക്കാരും കൊണ്ടുവന്ന നല്ല ചക്കക്കരു വലിപ്പമുള്ള ഏലക്കായ അന്നമ്മച്ചീടെ കസ്റ്റഡീലുണ്ട്. അപ്പഴാ ഇതും കൊണ്ട് ചെല്ലുന്നത്.
അങ്ങനെയങ്ങനെ ഇസ ഏന്തയാറിലേക്ക് പോകാതെയായി. എന്നാലും ആരുമറിയാതെ വരുന്ന ചേട്ടന്റെ സ്നേഹത്തിന് ഇസ കാത്തുകാത്തിരിക്കുകയും ചെയ്തു.
കാനഡക്കാരോ ഓസ്ട്രേലിയക്കാരോ വന്നാൽ പിന്നെ അന്നമ്മച്ചി ഇസയെ ശ്രദ്ധിക്കപോലുമില്ല. എന്തോരം സാധനങ്ങളാ അവരുടെയടുത്തുള്ളത്. ഷോപ്പിങിനെന്നും പറഞ്ഞ് ഒരിറക്കമങ്ങിറങ്ങും… രാത്രിയിലേതേലും സമയത്താണ് തിരിച്ചു വരുന്നത്. പുറത്തു പോയി വരുന്നവരെ അവരുടെ മുറികൾ അന്നമ്മച്ചി പുറത്തു നിന്ന് കുറ്റിയിട്ട് വയ്ക്കും. ശ്വാസം മുട്ടലിന്റെ നാളുകൾ കഴിഞ്ഞ് അവർ തിരിച്ചു പോകുമ്പോൾ കുറെ ചുരിദാറും സാരിയുമെല്ലാം ഇസയ്ക്ക് കൊടുത്തിട്ടാണ് ചേട്ടത്തിമാർ പോകുന്നത്. പക്ഷേ, അതിലൊരെണ്ണം പോലും ഇസ എടുത്തണിയാറില്ല. അതിനെല്ലാം അഹങ്കാരി എന്ന അന്നമ്മച്ചിയുടെ വിളി കേൾക്കുമ്പോൾ ഇസ വെറുതെ ഇച്ചായനെ ഓർക്കും; ചേട്ടനെ ചുമ്മാ ഫോണിൽ വിളിക്കും.
അപ്പനും അലക്സും ഇല്ലാതിരുന്നൊരു വൈകുന്നേരമാണ് അന്നമ്മച്ചി തലകറങ്ങിവീണത്. ജോയലിന്റെ പുറകെ നടന്ന് അവന് ചോറ് വാരിക്കൊടുക്കുകയായിരുന്നു ഇസയപ്പോൾ. അയ്യോ അമ്മച്ചീന്നും പറഞ്ഞ് ഇസയോടിെച്ചെല്ലുമ്പോൾ അന്നമ്മച്ചി ഞരങ്ങുന്നുണ്ടായിരുന്നു. കൊച്ചിന് കൊടുക്കാനെടുത്ത വെള്ളം മുഖത്തേക്ക്ക്ക് തളിച്ചിട്ടും അവർ കണ്ണു തുറക്കാതായപ്പോൾ ഇസ ഫോണിൽ മറിയാമ്മാൻറിയെ വിളിച്ചു. പാപ്പച്ചനങ്കിളിനെയും കൂട്ടി അവർ ഓടിയെത്തി അന്നമ്മച്ചിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ആശുപത്രിയിലെത്തിച്ചിട്ടും അന്നമ്മച്ചി കണ്ണുകൾ തുറന്നില്ല. ഒന്നും മിണ്ടീമില്ല. രണ്ട് ദിവസത്തിനകം ഓസ്ട്രേലിയയിൽ നിന്നും കാനഡയിൽ നിന്നും അലക്സിന്റെ ചേട്ടൻമാർ വന്നു. പിന്നങ്ങോട്ട് ആശുപത്രി, വീട് എന്നും പറഞ്ഞ് ഒരു പാച്ചിലായിരുന്നു ഇസയ്ക്ക് .. അന്നമ്മച്ചിയ്ക്കൊപ്പം നിൽക്കാൻ അനിയത്തി അക്കാമ്മ വന്നതുകൊണ്ട് അതൊരാശ്വാസമായി..
ചോറും കറിയും പലഹാരങ്ങളും കാപ്പീം ചായേമൊക്കെ അടുക്കളയിൽ തരാതരം ഉണ്ടാക്കിക്കൊണ്ടിരുന്നു. പുറം പണിക്ക് വന്നിരുന്ന ചെല്ലമ്മയെ ഇസ അടുക്കളയിലേക്കും നിയമിച്ചു. ഇതിനിടയിൽ കയ്പേറിയ പാവയ്ക്ക നീര് തേച്ച് എളീന്നിറങ്ങാതെ അള്ളിപ്പിടിച്ചിരുന്ന ജോയലിന്റെ മുലകുടി ഇസയങ്ങ് അവസാനിപ്പിച്ചു. അതോടെ അവൻ ഇസയെ വിട്ട് മുറിക്കുള്ളിലിരുന്ന് കളിക്കാനൊക്കെ തുടങ്ങി.
മുറിയിൽ നിന്ന് അന്നമ്മച്ചിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഒരു ദിവസം വൈകുന്നേരം ഇസ ജോയലിനെയും കൊണ്ട് അന്നമ്മച്ചിയെ കേറി കണ്ടു.. ദേഹത്തെല്ലാം ട്യൂബുകൾ ചുറ്റി ഇസയെത്തിയതറിയാതെ അന്നമ്മച്ചി കിടക്കുന്നത് രണ്ടു മൂന്നു മിനിട്ട് നോക്കി നിന്നിട്ട് അവൾ വീട്ടിലേക്ക് പോന്നു.
ഒരാഴ്ച ആശുപത്രിയിൽ കിടന്നെങ്കിലും ഒടുവിൽ ഞായറാഴ്ച വന്ന അന്ന് അന്നമ്മച്ചി മരിച്ചു. പള്ളിയിൽ കുർബാനയ്ക്ക് പോകുന്ന സമയത്താണ് അന്നമ്മച്ചി മരിച്ചതായി ഡോക്ടർ പറഞ്ഞത്.
അപ്പനും അലക്സും ചേട്ടൻമാരുമെല്ലാം ചേർന്ന് അന്നമ്മച്ചിയുടെ മരിച്ച ശരീരം വീട്ടിലെത്തിച്ചപ്പോൾ വീടെല്ലാം ഒരുക്കിയിട്ട ഇസ മുകൾനിലയിൽ നിന്നും പതുക്കെ ഇറങ്ങി വരുന്നുണ്ടായിരുന്നു. ആങ്ങളേടെ മകന്റെ കല്യാണത്തിനുടുക്കാൻ അന്നമ്മച്ചി തേച്ച് മടക്കി വച്ചിരുന്ന പുത്തൻ സാരിയാണ് ഇസയുടുത്തിരുന്നത്. അവൾ നിന്നതും നോക്കുന്നതുമെല്ലാം അന്നമ്മച്ചിയെപ്പോലെയായിരുന്നു.
അലക്സ് അരികിൽ വന്ന് തൊട്ടു വിളിച്ചിട്ടും ഇമയനക്കാത്ത നോട്ടത്തോടെ അവൾ പുറത്തേയ്ക്കും പിന്നീടകത്തേയ്ക്കും നടന്നുകൊണ്ടിരുന്നു.
ആൻസി സാജൻ