പെർത്ത്: ഓസ്ട്രേലിയൻ നഗരമായ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണമടഞ്ഞു. പെർത്തിലെ കാനിങ് വെയിലിൽ താമസിക്കുന്ന റോയൽ തോമസ്- ഷീബ ദമ്പതികളുടെ മകൻ ആഷിനാണ് (24) ഇന്നലെ (ഞായറാഴ്ച്ച) രാത്രിയിൽ വാഹനാപകടത്തിൽ മരിച്ചത്. രാത്രി പെർത്ത് സമയം 11.15-നായിരുന്നു അപകടം. കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആഷിൻ തൽക്ഷണം മരിക്കുകയായിരുന്നു. യുവാവിൻ്റെ വീടിനു സമീപമാണ് അപകടമുണ്ടായ സ്ഥലം. ആഷിനെയും കാർ ഡ്രൈവറെയും റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രികനായ ആഷിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാലാ തീക്കോയി സ്വദേശിയാണ് ആഷിൻ്റെ പിതാവ് റോയൽ. ആഷിൻ്റെ മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിൽ എത്തിയപ്പോഴാണ് ദുരന്ത വാർത്ത തേടിയെത്തിയത്. അയർലൻഡിൽ ഡബ്ലിനിലായിരുന്നു റോയൽ തോമസും കുടുംബവും ആദ്യമുണ്ടായിരുന്നത്. അയർലൻഡിലെ 10 വർഷത്തോളം നീണ്ട ജീവിതത്തിനു ശേഷം 12 വർഷം മുമ്പാണിവർ ഓസ്ട്രേലിയയിൽ കുടിയേറിയത്.