മെൽബൺ: ഓസ്‌ട്രേലിയൻ നഗരമായ മെൽബണിൽ സിനഗോഗിനുനേരേയുണ്ടായ ആക്രമണത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസി അപലപിച്ചു. ആരാധനാലയങ്ങളെ നശിപ്പിക്കുന്നത് അതിരുകടന്ന പ്രവൃത്തിയാണെന്നും ജൂതവിരുദ്ധതയെ രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആൽബനീസുമായി സംസാരിച്ച ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ആക്രമണത്തെ അപലപിച്ചു. വെള്ളിയാഴ്ച പുലർച്ചെ പ്രാദേശികസമയം 4.10-നാണ് മെൽബണിന് തെക്കുകിഴക്കുള്ള റിപ്പൊൺലീയിലെ അഡാസ് ഇസ്രയേൽ സിനഗോഗിന് മുഖംമൂടിധാരികളായ അക്രമികൾ തീയിട്ടത്.
ആക്രമണം ഭീകരാക്രമണത്തിൻ്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് സംസ്ഥാന, ഫെഡറൽ പോലീസ് ഏജൻസികൾ തീരുമാനിക്കുമെന്ന് വിക്ടോറിയൻ പ്രധാനമന്ത്രി ജസീന്ത അലൻ പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രീമിയർ പോലീസ് അന്വേഷണത്തോട് പൂർണമായും പിന്തുണക്കുന്നു എന്നും അറിയിച്ചു. ആരാധനാലയങ്ങൾക്ക് പുറത്ത് പ്രതിഷേധിക്കുന്നതിൽ നിന്ന് ആളുകളെ വിലക്കുന്ന കാര്യം വിക്ടോറിയൻ സർക്കാർ പരിഗണിക്കുന്നതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിലെ യുദ്ധം 14 മാസമായി തുടരവേയാണ് ജൂത ആരാധനാലയം ആക്രമിക്കപ്പെട്ടത്. ഓസ്‌ട്രേലിയായിൽ ജൂത സമൂഹവും പാലസ്തീനെ അനുകൂലിക്കുന്ന സമൂഹവും റാലികൾ നടത്തുകയും ക്രമാസമാദാന പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.