വത്തിക്കാൻ: കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷവും അഭിമാനവുമായ നിമിഷമായിരുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ” ഇന്ത്യക്ക് വലിയ സന്തോഷവും അഭിമാനവും! ജോർജ് ജേക്കബ് കൂവക്കാടിനെ വിശുദ്ധ റോമൻ കത്തോലിക്ക സഭയുടെ കർദിനാളായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിൽ സന്തോഷിക്കുന്നു. യേശുക്രിസ്തുവിന്റെ ഉറച്ച അനുയായി എന്ന നിലയിൽ മനുഷ്യരാശിയുടെ സേവനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണ് കർദിനാൾ കൂവക്കാട്. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ.”- എന്നാണ് നരേന്ദ്രമോദി എക്‌സിൽ കുറിച്ചത്.
ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയതിന് പിന്നാലെ ഫ്രാൻസിസ് മാർപാപ്പയുമായി കേന്ദ്രസർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം അന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മാർപാപ്പയെ സന്ദർശിച്ചത്. സ്ഥാനാരോഹണത്തിന് മുന്നോടിയായി പ്രത്യേക പരിഗണന ലഭിച്ചതിന്റെ ഭാഗമായാണ് ഇന്ത്യൻ സംഘത്തിന് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മാർപാപ്പയെ നേരിൽ കണ്ട് ഇന്ത്യൻ സർക്കാരിന്റെ ആശംസകൾ കൈമാറിയെന്നും ജോർജ് കുര്യൻ പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ്, ടോം വടക്കൻ, അനിൽ ആന്റണി, അനൂപ് ആന്റണി എന്നിവരുൾപ്പടെയുള്ള പ്രതിനിധി സംഘമാണ് മാർപാപ്പയെ കണ്ടത്.
https://x.com/narendramodi/status/1865604524976828521