സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തു. സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദും കുടുംബവും മോസ്‌കോയിലാണെന്നും, അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നുമാണ് റഷ്യൻ വാർത്താ ഏജൻസി ടാസ് (TASS) റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സമാധാനപരമായ അധികാര കൈമാറ്റത്തിനു ശേഷമാണ് അസദ് രാജ്യം വിട്ടതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അസദ് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് റഷ്യ മൗനം പാലിച്ചു. എല്ലാ സിറിയൻ പ്രതിപക്ഷ ഗ്രൂപ്പുകളുമായും മോസ്കോ ബന്ധപ്പെടുന്നുണ്ടെന്നും അക്രമത്തിൽനിന്നു വിട്ടുനിൽക്കാൻ എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നതായും അവർ വ്യക്തമാക്കി.
ഞായറാഴ്ച തലസ്ഥാനമായ ഡമാസ്‌കസിന്റെ നിയന്ത്രണം പിടിച്ചതോടെയാണ് 24 വർഷത്തെ അസദ് ഭരണം അവസാനിപ്പിച്ചതായി വിമതസേന പ്രഖ്യാപിച്ചു. അസദ് സർക്കാർ വീണതോടെ സിറിയയിലെ തെരുവുകളിൽ വൻ ആഘോഷമാണ് നടക്കുന്നത്. ഡമാസ്‌കസിലെ സെൻട്രൽ സ്‌ക്വയറുകളിൽ ഒത്തുകൂടിയ ജനക്കൂട്ടം സിറിയൻ വിപ്ലവ പതാക വീശി, ആഹ്ലാദം പ്രകടിപ്പിച്ചു. ഭരണം പിടിച്ച ഹയാത്ത് താഹിർ അൽ-ഷാം (HTS) മേധാവി അബു മുഹമ്മദ് അൽ-ഗൊലാനി രാജ്യത്തെ അഭിസംബോധന ചെയ്തു. അൽ-അദസ് ഭരണത്തിന് അന്ത്യം കുറിക്കാൻ സാധിച്ചത് ഇസ്ലാമിക രാജ്യത്തിന്റെ വിജയമാണെന്നായിരുന്നു ഗൊലാനിയുടെ വാക്കുകൾ. അള്ളാഹു അക്ബർ മുഴക്കിയാണ് സിറിയൻ ജനതയെ ഗൊലാനി അഭിസംബോധന ചെയ്തത്. ഇറാന്റെ അതിമോഹങ്ങളും അത്യാഗ്രഹങ്ങളും വിളവെടുക്കുന്നതിന് സിറിയയെ കൃഷിയിടമാക്കി മാറ്റിയത് അസദ് കുടുംബത്തിന്റെ ഭരണമായിരുന്നുവെന്നും അൽ-ഗൊലാനി പറഞ്ഞു. രണ്ടാഴ്ച മുൻപ് ടെലഗ്രാം ചാനലിലൂടെ ആഹ്വാനം ചെയ്ത ക്യാമ്പയിന് പിന്നാലെയാണ് രാജ്യത്തെ ഭരണം അട്ടിമറിക്കാൻ HTSന് കഴിഞ്ഞത്. ഇതോടെ ദശാബ്ദങ്ങൾ നീണ്ട കുടുംബഭരണത്തിന് സിറിയയിൽ അന്ത്യമായി.
പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയൻ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ് അൽ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയിൽ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരൻ ആയിരുന്നു ജുലാനി. സ്ഥിതി നിരീക്ഷിക്കുന്നു എന്നാണ് അമേരിക്കയുടെ പ്രതികരണം. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി. പതിറ്റാണ്ടുകളായി തല ഉയർത്തി നിന്ന ബഷാർ അൽ അസദിന്റെ പ്രതിമകൾ ജനം തകർത്തെറിഞ്ഞു. സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളിൽ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകൾ തകർത്ത വിമതർ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു. 74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിൻ്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളിൽ എത്തുമ്പോൾ എന്താകും സിറിയയുടെ ഭാവി എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
വിമതർ ഭരണം പിടിച്ചെടുത്ത സിറിയയിൽ ഇന്ത്യക്കാർ സുരക്ഷിതരെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ഇന്ത്യൻ എംബസി പ്രവർത്തനം തുടരുകയാണെന്നും എല്ലാ ഇന്ത്യൻ പൗരന്മാരുമായും ബന്ധപ്പെടുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. വിമതർ ഭരണം പിടിച്ചതിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവിധ യുഎൻ സംഘടനകളിൽ ജോലി ചെയ്യുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാരാണ് സിറിയയിലുള്ളത്.