തബ്ലിസി: ജോർജിയയിൽ 11 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് വിവരം. തബ്ലിസിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരിൽ ഒരാൾ ജോർജിയൻ പൗരനെന്നാണ് വിവരം. ഹോട്ടൽ കെട്ടിടത്തിലെ രണ്ടാം നിലയിലെ റൂമിൽ കിടന്നുറങ്ങുകയായിരുന്നു മരിച്ചവർ. ഇവരുടെ ശരീരത്തിൽ മുറിവുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് ജോർജിയ പൊലീസ് അറിയിച്ചു. കാർബൺ മോണോക്‌സൈഡ് വാതക ചോർച്ചയുണ്ടായതായാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്നും ചെറിയ ജനറേറ്റർ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുമെന്നും ടിബിലിസിയിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. മരണ കാരണം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.