ദില്ലി: ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡൻറ് അനുര കുമാര ദിസനായകെ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം. ദ്വീപ് രാഷ്‌ട്രം സാമ്പത്തിക തകർച്ചയുടെ വക്കിലായിരുന്നപ്പോൾ ഇന്ത്യ സഹായിച്ചുവെന്ന് ദിസനായകെ പറഞ്ഞു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുനേതാക്കളും സംയുക്തമായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കയ്‌ക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. ശ്രീലങ്കയിൽ ഇന്ത്യാവിരുദ്ധ നടപടികൾ അനുവദിക്കില്ലെന്നും ഇന്ത്യയുടെ താത്പര്യങ്ങൾ മാനിക്കുമെന്നും ദിസനായകെ കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ശ്രീലങ്കൻ പ്രസിഡന്റായതിന് ശേഷം നയതന്ത്രബന്ധം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചതായും ശ്രീലങ്കൻ പ്രസിഡൻറ് അറിയിച്ചു.
ശ്രീലങ്കയിലെ തമിഴരുടെ ഉന്നമനത്തിന് പുതിയ സർക്കാരും എല്ലാ നടപടിയും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു. മത്സ്യ തൊഴിലാളികളുടെ കാര്യത്തിൽ മാനുഷിക പരിഗണന ഉണ്ടാകണമെന്നും നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. ശ്രീലങ്കയിലേക്ക് പുതിയ ഫെറി സർവ്വീസ് കൂടി തുടങ്ങാനും ധാരണയായി. ഇതുവരെ 5 ബില്യൺ ഡോളറിന്റെ ധനസഹായം ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകിയിട്ടുണ്ട്, 200 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് കൂടി ഇന്ത്യ സ്കോളർഷിപ്പ് നൽകും. 1500 ശ്രീലങ്കൻ ഉദ്യോഗസ്ഥർക്ക് ഇന്ത്യയിൽ പരിശീലനം നൽകുമെന്നും നരേന്ദ്ര മോദി അറിയിച്ചു.