മലയാളികൾ വായ്പയെടുത്തു വിദേശത്തേക്ക് കടന്നതിനെ തുടർന്ന് കുവൈത്തിലെ ബാങ്കിൻ്റെ 700 കോടി നഷ്ടപ്പെട്ടു. ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി കുവൈത്തിലെ ഗൾഫ് ബാങ്കിൽനിന്നും കോടികൾ വായ്പ എടുത്തശേഷം മുങ്ങിയ മലയാളികൾക്കെതിരെ കേരളത്തിൽ അന്വേഷണം ആരംഭിച്ചു. 1400-ൽ പരം മലയാളികൾ 700 കോടി രൂപ തട്ടിയെടുത്തെന്നാണ് സൂചന. ഇവരിൽ 700 ഓളം പേർ നഴ്സുമാരാണ്. കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവർ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ കേരള പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും. ഗൾഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറൽ മാനേജർ കേരളത്തിൽ എത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പു നടത്തിയവരുടെ വിവരങ്ങൾ ബാങ്ക് അധികൃതർ പൊലീസിനു കൈമാറിയിട്ടുണ്ട്. വിപുലമായ അന്വേഷണത്തിനാണ് പൊലീസ് തയാറെടുക്കുന്നത്. വലിയ ഗൂഢാലോചന തട്ടിപ്പിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. 2020-22 കാലത്തെ തട്ടിപ്പ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
മലയാളികൾ വായ്പയെടുത്തു വിദേശത്തേക്ക് കടന്നു; കുവൈത്തിലെ ബാങ്കിൻ്റെ 700 കോടി നഷ്ടപ്പെട്ടു.
38