ഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. സിറിയയിൽ വിമതരും സൈന്യവും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ ആണ് സിറിയയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. +963 993385973 എന്ന വാട്സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലോ ബന്ധപ്പെടാം. ലഭിക്കുന്ന വിമാനങ്ങളിൽ എത്രയും വേഗം രാജ്യത്ത് നിന്ന് പോകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
സിറിയയുടെ വടക്കൻ മേഖലയിൽ ആക്രമണം രൂക്ഷമാവുകയാണെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള സിറിയൻ സർക്കാരിനെ താഴെയിറക്കാൻ ലക്ഷ്യമിട്ട് തുർക്കിയുടെ പിന്തുണയോടെയാണ് വിമതർ പോരാട്ടം തുടരുന്നത്. നവംബർ 27 മുതൽ ഇതുവരെ 3.70 ലക്ഷത്തിലേറെപ്പേർ സിറിയയിൽ നിന്ന് പലായനം ചെയ്തു. 14 വർഷമായി ആഭ്യന്തരയുദ്ധത്തിലാണ് സിറിയ. 2020-ന് ശേഷം സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്.