വയനാട് പുനരധിവാസത്തിൽ ദുരന്ത നിവാരണ അതോറിറ്റിയെ വിമർശിച്ച് കേരള ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമർശനം. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസ്സിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും കോടതി നിർദേശം നൽകി. സംസ്ഥാന സർക്കാർ ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്. ഓഡിറ്റിംഗ് പോലും കൃത്യമല്ല. ഏകദേശ കണക്ക് പോലും നൽകാൻ കഴിയുന്നില്ലെങ്കിൽ പണം ലഭിക്കുന്നില്ലെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത് എന്ന് കോടതി ചോദിച്ചു.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്‍ഡിആർഎഫ്) ബാക്കിയുള്ള 677 കോടി രൂപയിൽ ഇപ്പോൾ ഒരു അത്യാവശ്യം വന്നാൽ എത്ര രൂപ ചെലവഴിക്കാൻ സാധിക്കുമെന്ന് ചോദിച്ചതോടെ സർക്കാർ കൈമലർത്തി. എന്തൊക്കെയാണ് കൊടുക്കാമെന്ന് പറഞ്ഞിട്ടുള്ള തുക, മറ്റു ബാധ്യതകൾ എന്തൊക്കെ എന്നൊക്കെ കോടതി കോടതി ചോദിച്ചെങ്കിലും സർക്കാരിന്റെ പക്കൽ കണക്കുണ്ടായിരുന്നില്ല. ഇതോടെയാണ് കോടതി രൂക്ഷ വിമർശനം നടത്തിയത്. കണക്കുകളിൽ കേരളം തപ്പിത്തടഞ്ഞതോടെ കേസ് വീണ്ടും കേൾക്കുന്ന വ്യാഴാഴ്ചയ്ക്കകം കൃത്യമായ കണക്കുകൾ സമർപ്പിക്കാൻ കോടതി നിർദേശം നൽകി.