അലപ്പോയും ഹമക്കും ശേഷം സിറിയയിലെ മറ്റൊരു വലിയ നഗരമായ ഹോംസ് പിടിക്കാൻ വിമത സേന. പ്രധാന നഗരത്തിലേക്ക് വിമതർ മുന്നേറുമ്പോൾ ആയിരക്കണക്കിന് ആളുകൾ ആണ് പലായനം ചെയ്യുന്നത്. ഒരാഴ്ച മാത്രം പിന്നിടുമ്പോൾ വിമതർ 2 സിറിയൻ നഗരങ്ങളിൽ സാന്നിധ്യമുറപ്പിച്ചത് പ്രസിഡന്റ് ബഷാർ അൽ അസദിനു തിരിച്ചടിയായി. ഹമയിൽനിന്നു പിന്മാറുകയാണെന്നു സിറിയൻ സേന അറിയിച്ചു. ഹമയിലെ 2 വടക്കുകിഴക്കൻ ജില്ലകളാണു വിമതരുടെ നിയന്ത്രണത്തിലാണ്. ക്രിസ്ത്യൻ, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള മേഖലകളാണിവ. ഹോംസ് നഗരം ലക്ഷ്യമാക്കിയുള്ള വിമത നീക്കത്തിന് ഹമയിലെ വിജയം സഹായകമാകും. ഹോംസ് വിമതർ പിടിച്ചെടുത്താൽ ഡമാസ്കസ് ഒറ്റപ്പെടും. അസദ് ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യമെന്ന് വിമതരുടെ നേതാവ് പ്രതികരിച്ചു.
നവംബർ 27 മുതലാണ് എച്ച്.ടി.എസിന്റെ നേതൃത്വത്തിൽ വിമതർ മുന്നേറ്റം ശക്തിപ്പെടുത്തിയത്. ഇറാനും റഷ്യയുമാണ് സിറിയയിലെ അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്നത്. വിമതരെ തുരത്താൻ റഷ്യ വ്യോമാക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ലക്ഷ്യം കണ്ടിട്ടില്ല. സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യ തങ്ങളുടെ പൗരന്മാർ ഉടൻ സിറിയ വിടണമെന്ന് അറിയിച്ചു. സിറിയൻ അതിർത്തിയായ ഗൊലാൻ കുന്നുകളിൾ ഇസ്രായേൽ കര, വ്യോമ സേനകളുടെ സാന്നിധ്യം വർധിപ്പിച്ചു. സിറിയയുമായുള്ള അതിർത്തി ജോർദാനും അടച്ചു.