ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആൺകുട്ടികളിൽ ഏറ്റവും ജനപ്രിയമായ പേര് മുഹമ്മദ് എന്നാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ONS) പുതിയ റിപ്പോർട്ട്. 2022-ൽ ആൺകുട്ടികളുടെ ഏറ്റവും ജനപ്രിയമായ പേര് നോഹ എന്നായിരുന്നു.4,661 ആൺകുട്ടികൾക്ക് 2023-ൽ മുഹമ്മദ് എന്ന പേര് നൽകി. 2022-ൽ ഇത് 4,177 ആയിരുന്നു, 2023-ൽ 4,382 ആൺകുട്ടികൾക്ക് നോഹ എന്ന പേര് നൽകി. 2016 മുതൽ ‘മുഹമ്മദ് ട്രെൻഡ്’ ആരംഭിച്ചതാണെന്നും ആൺകുഞ്ഞുങ്ങൾക്ക് നൽകുന്ന പേരുകളിൽ ഏറ്റവും കൂടുതലുള്ള ആദ്യ പത്തെണ്ണത്തിൽ മുഹമ്മദ് എന്ന പേര് കഴിഞ്ഞ എട്ട് വർഷമായി ഇടംപിടിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. പ്രദേശത്തെ ജനസംഖ്യാശാസ്ത്രത്തിൽ വന്ന കാതലായ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
2023-ലെ ഏറ്റവും പ്രചാരമുള്ള മൂന്ന് പെൺകുട്ടികളുടെ പേരുകൾ ഒലീവിയ, അമേലിയ, ഇസ്ല എന്നിവയായിരുന്നു. 2022 ലും ഇതേ രീതിയിൽ തന്നെ ആയിരുന്നു. 2016 മുതൽ പെൺകുട്ടികളുടെ പേരിൽ മുന്നിൽ നിൽക്കുന്നത് ഒലീവിയ എന്നാണ്.
സിനിമകളും സംഗീതവും മാതാപിതാക്കളുടെ പേര് തെരഞ്ഞെടുപ്പുകളിൽ സ്വാധീനം ചെലുത്തിയെന്ന് റിപ്പോർട്ട് പറയുന്നു. മാർഗോട്ട്, സിലിയൻ എന്നീ പേരുകൾ തെരഞ്ഞെടുക്കുന്ന മാതാപിതാക്കളുടെ എണ്ണത്തിൽ വർധനവുണ്ടായി. പോപ്പ് താരങ്ങളുടെ പേരുകളും സ്വാധീനം ചെലുത്തി. റിഹാന, ബില്ലി എലിഷ്, മിലി സൈറസ്, ലാന ഡെൽ റേ എന്നീ പേരുകളും പ്രചാരത്തിൽ മുന്നിൽ നിൽക്കുന്നു. കാമില, മേഗൻ, ഹാരി തുടങ്ങിയ രാജകീയ പേരുകൾക്ക് ജനപ്രീതി കുറഞ്ഞുവരുന്നതായി വിശകലനം കണ്ടെത്തി.