ഇന്ന് ദീപാവലി. തിന്മയ്‌ക്ക് മേൽ നന്മ നേടിയ വിജയത്തിനെ ദീപാവലിയായി ആഘോഷിക്കുന്നു. അശ്വനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. സൂര്യൻ തുലാരാശിയിലെത്തുമ്പോൾ വിളക്ക് തെളിയിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളിൽ പറയുന്നത്. പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും, മധുരം നൽകിയും ദീപാവലി ആഘോഷത്തിന്റെ നിറവിലാകും നാടും നഗരവും. മനുഷ്യഹൃദയങ്ങളിൽ സ്ഥിതി ചെയ്യുന്ന ആസുരികതയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലി നൽകുന്ന സന്ദേശം.
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി അഥവാ ദിവാളി. നാടും നഗരവും എല്ലാം ദീപാവലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. നമ്മുടെ ജീവിതത്തിലേക്ക് സമ്പത്തും സമൃദ്ധിയും ഐശ്വര്യവും കൊണ്ടുവരുന്നതിനായുള്ള പ്രാർത്ഥനയുടെ സമയം കൂടിയാണിത്. ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും വിജയത്തിന്റെ പ്രതീകമാണ് ദീപാവലിയെന്നാണ് വിശ്വാസം. ഈ വർഷത്തെ ദീപാവലി ഒക്ടോബർ 31 വ്യാഴാഴ്ച്ചയാണ്. ദീപം (വിളക്ക്), ആവലി (നിര) എന്നീപ്പദങ്ങൾ ചേർന്നാണ്, ദീപാവലിയെന്ന പദമുണ്ടായത്, ഇതു ലോപിച്ചാണ് ദീവാളീ എന്നായിത്തീർന്നത്.
ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺചിരാതുകൾ തെളിയിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ദീപാവലി ആഘോഷിക്കുന്നു. ഈ ഉത്സവം ആഘോഷിക്കുന്നതിനും ഐതിഹ്യങ്ങൾ പലതാണ്. ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിന്റെ പ്രതീകമായും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമായും ദീപാവലി ആഘോഷിക്കുമ്പോൾ ജൈനമത വിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായാണ് ദീപാവലി ആഘോഷിക്കുന്നത്. പാലാഴിയിൽ നിന്നും ലക്ഷ്മിദേവി അവതരിക്കുകയും മഹാവിഷ്ണുവിനെ പതിയായി സ്വീകരിക്കുകയും ചെയ്ത ദിവസമാണ് എന്ന വിശ്വാസവുമുണ്ട്. ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷം അഞ്ച് നാളുകൾ നീളുന്നുവെങ്കിൽ ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.
സാമ്പത്തിക ഉയർച്ച ഉണ്ടാകുവാൻ ഭക്തർ, പ്രത്യേകിച്ച് വ്യാപാരികളും ബിസിനസ്‌കാരും മഹാലക്ഷ്മിയെ പൂജിക്കുന്ന ദിവസം കൂടിയാണ് ദീപാവലി.