ഉത്സവക്കാഴ്ചകള്‍ക്കായി കല്പാത്തി ഒരുങ്ങുകയാണ്. തേരുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഈ വർഷം നവംബർ 14 മുതല്‍ 16 വരെയാണ് കല്പാത്തി രഥോത്സവം. എല്ലാ വര്‍ഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബര്‍ മാസത്തിലാണ് (മലയാള മാസം തുലാം 28,29,30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്.
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കല്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ വിശ്വനാഥപ്രഭുവും (പരമശിവന്‍) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാര്‍വ്വതി) ആണ്. പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കല്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യില്‍ നിര്‍മ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയില്‍ പകുതി കല്പാത്തി എന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്‌മണരുടെ അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്ന കല്പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്‌മണ കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നാണ്.
രഥോത്സവകാലത്ത് പാലക്കാട് കല്പാത്തിയില്‍ ചെന്നാല്‍ പഴയകാല പ്രൗഢികളെ ഓര്‍മ്മിപ്പിച്ച് കൂറ്റന്‍ രഥങ്ങള്‍ തെരുവുകളിലൂടെ ഉരുളുന്നത് കാണാം. നൂറ്റാണ്ടുകളായി ആഘോഷിക്കപ്പെട്ടു വരുന്നതാണ് ഈ ഉത്സവം. ആ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഭക്തര്‍ ഒഴുകിയെത്തും. കല്പാത്തിയുടെ തെരുവുകൾ ഭക്തലക്ഷങ്ങളെ കൊണ്ടുനിറയും. തെരുവിലൂടെ രഥമുരുളുമ്പോള്‍ ഭക്തരും കാഴ്ചക്കാരും ആഘോഷപുരസ്സരം എതിരേല്‍ക്കും. വേദമന്ത്രങ്ങളും സാംസ്കാരിക പരിപാടികളും സംഗീത കച്ചേരികളും ഉത്സവത്തിന്റെ ഭാഗമാണ്. അവസാനത്തെ മൂന്നു ദിവസമാണ് അലങ്കരിച്ച മൂന്നു വമ്പന്‍ രഥങ്ങള്‍ തെരുവിലേക്കിറങ്ങുക. ഭക്തര്‍ തന്നെയാണ് ഇതു വലിക്കുകയും ചെയ്യുക. ഇതോടെ ഉത്സവം അതിന്റെ പരകോടിയിലെത്തും.
Kalpathy Radholsavam