വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയൻ മാധ്യമത്തിനു കാനഡ വിലക്കേർപ്പെടുത്തി. ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗുമായി എസ് ജയശങ്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്ത ഓസ്ട്രേലിയ ടുഡേയ്‌ക്കാണ് കാനഡ വിലക്കേർപ്പെടുത്തിയത്. ഓസ്ട്രേലിയൻ ടുഡേയുടെ സമൂഹമാധ്യമ ഹാൻഡിലുകളും പേജുകളുമടക്കമാണ് കാനഡയിൽ ബ്ലോക്ക് ചെയ്തത്.
ഒരു തെളിവുകളും ഇല്ലാതെയാണ് കാനഡ ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മേൽ നിരീക്ഷണം ഏർപ്പെടുത്തിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, ഖാലിസ്ഥാൻ ഭീകരർക്കും അക്രമികൾക്കും കാനഡ രാഷ്‌ട്രീയ ഇടം നൽകുകയാണ് -എന്നതായിരുന്നു എസ് ജയശങ്കറിന്റെ വാക്കുകൾ. ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയൻ ടുഡേയ്‌ക്ക് കാനഡ വിലക്കേർപ്പെടുത്തിയത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് എസ്. ജയശങ്കർ ഓസ്ട്രേലിയയിൽ എത്തിയത്. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം ഉപാധ്യക്ഷനാകുകയും ചെയ്തു. വ്യാഴാഴ്ച വരെയായിരുന്നു എസ് ജയശങ്കറിന്റെ ഓസ്ട്രേലിയൻ സന്ദർശനം. സിഡ്‌നിയിലെ ന്യൂ സൗത്ത് വെയിൽസ് പാർലമെൻ്റിൽ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ബിസിനസ് പ്രമുഖരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.
‘എസ് ജയശങ്കറിന്റെയും പെന്നി വോംഗിന്റെയും അഭിമുഖം സ്പ്രേഷണം ചെയ്ത മാദ്ധ്യമസ്ഥാപനത്തിന് കാനഡ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. തികച്ചും വിചിത്രമായൊരു സംഭവമാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ എതിർപ്പാണ് ഇതിലൂടെ വ്യക്തമാകുന്നത്’- എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
നവംബർ 3-ന് കാനഡയിലെ ബ്രാംപ്ടണിലുള്ള ഒരു ഹിന്ദു ക്ഷേത്രത്തിനു നേരെ ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിക്കുകയും കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ഭീരുത്വ ശ്രമങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു. ഖലിസ്ഥാന്‍ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാമർശിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായത്.