Saturday, May 23, 2026
Home » എബോള രോഗബാധിത പ്രദേശങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് 21 ദിവസം വരെ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം.
കോംഗോയിൽ അതിമാരകമായ എബോള വൈറസ് പടരുന്നു; ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

എബോള രോഗബാധിത പ്രദേശങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് 21 ദിവസം വരെ നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനം.

by Editor

കൊച്ചി: ലോകാരോഗ്യ സംഘടനയുടെയും (WHO) കേന്ദ്ര സർക്കാരിന്റെയും എബോള ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന്, രോഗബാധിത പ്രദേശങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് 21 ദിവസം വരെ കർശന നിരീക്ഷണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ഇതേ തുടർന്ന് കൊച്ചി അടക്കം വിവിധ വിമാനത്താവളങ്ങളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരും റിപ്പോർട്ട് ചെയ്യണം.

നിലവിൽ ഇന്ത്യയിൽ ഒരിടത്തും എബോള കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദ്രുതകർമസമിതി (Rapid Response Team) വ്യക്തമാക്കിയിട്ടുണ്ട്. എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ പ്രത്യേക മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പനി, കടുത്ത ക്ഷീണം, തലവേദന, പേശീ വേദന, ഛർദി, വയറിളക്കം, തൊണ്ട വേദന, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും രോഗ ബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും വിമാനത്താവളങ്ങളിലെ ഹെൽത്ത് ഡെസ്‌കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം.

രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുറമുഖങ്ങളിലും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി ഐസൊലേഷൻ സൗകര്യങ്ങളോടു കൂടിയ തീവ്രപരിചരണ വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പിപിഇ കിറ്റുകൾ ഉറപ്പാക്കാനും അണുബാധ നിയന്ത്രണ പ്രോട്ടോക്കോളുകളിൽ പ്രത്യേക പരിശീലനം നൽകാനും മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.

ഡൽഹി വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ (എപിഎച്ച്‌ഒ) നിർദേശങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പനി, ബലഹീനത, തലവേദന, പേശി വേദന, ഛർദി, വയറിളക്കം, തൊണ്ട വേദന, രക്ത സ്രാവം തുടങ്ങിയ ലക്ഷണങ്ങളുള്ള യാത്രക്കാർ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ പരാമർശിച്ചാണ് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഈ രാജ്യങ്ങളെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.

കോംഗോയിൽ അതിമാരകമായ എബോള വൈറസ് പടരുന്നു; ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

Send your news and Advertisements

You may also like

error: Content is protected !!