വാഷിങ്ടൺ: യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവച്ചു. തൻ്റെ ഭർത്താവ് എബ്രഹാം വില്യംസിന് അപൂർവ ഇനം അസ്ഥി അർബുദം (Bone Cancer) ബാധിച്ചതിനെത്തുടർന്ന്, അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനാണ് താൻ പദവി ഒഴിയുന്നതെന്ന് അവർ വ്യക്തമാക്കി. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നൽകിയ രാജിക്കത്ത് അവർ തൻ്റെ ഔദ്യോഗിക ‘X’ (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.
2026 ജൂൺ 30-ഓടെ തുൾസി ഗബാർഡ് സ്ഥാനത്തുനിന്ന് പൂർണ്ണമായി പടിയിറങ്ങും. പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായ ആരോൺ ലൂക്കാസ് (Aaron Lukas) താൽക്കാലിക ഇൻ്റലിജൻസ് മേധാവിയായി ചുമതലയേൽക്കും. തുൾസി ഗബാർഡ് മികച്ച രീതിയിലാണ് പദവി കൈകാര്യം ചെയ്തതെന്നും ഭർത്താവിൻ്റെ ആരോഗ്യത്തിന് പ്രാധാന്യം നൽകിയുള്ള അവരുടെ തീരുമാനം ശരിയാണെന്നും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഡോണാൾഡ് ട്രംപിൻ്റെ രണ്ടാം മന്ത്രിസഭയിൽ നിന്നും ഈ വർഷം പുറത്തുപോകുന്ന നാലാമത്തെ വനിതാ ക്യാബിനറ്റ് അംഗമാണ് തുൾസി ഗബാർഡ്. ഇതിനു മുൻപ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, അറ്റോർണി ജനറൽ പാം ബോണ്ടി, ലേബർ സെക്രട്ടറി ലോറി ഷാവേസ് ഡെറെമർ എന്നിവർ രാജി വെച്ചിരുന്നു.
അതേസമയം, തുൾസി ഗബാർഡിനെ രാജിവെക്കാൻ വൈറ്റ് ഹൗസ് നിർബന്ധിക്കുകയായിരുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇറാനെ ആക്രമിക്കാനുള്ള ട്രംപിൻ്റെ തീരുമാനത്തെത്തുടർന്ന് തുൾസി ഗബാർഡ് ഭരണകൂടവുമായി ഭിന്നതയിലാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തൻ്റെ 15 മാസത്തെ സേവനത്തിനിടയിൽ യുഎസ് ഇന്റലിജൻസ് ഏജൻസികളിലെ അനാവശ്യ ചെലവുകളും തസ്തികകളും വെട്ടിക്കുറയ്ക്കാനും നിരവധി രഹസ്യരേഖകൾ പരസ്യപ്പെടുത്താനും തുൾസി മുൻകൈ എടുത്തിരുന്നു. ഇറാൻ, വെനിസ്വേല തുടങ്ങിയ വിദേശകാര്യ നയങ്ങളിൽ ട്രംപ് ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ഇവരുടെ കരിയറിനെ ബാധിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

