ന്യൂഡൽഹി: അടുത്ത ഒരു വർഷത്തിനുള്ളിൽ പാക്കിസ്ഥാൻ ബംഗ്ലാദേശ് അതിർത്തികളിൽ സമഗ്രമായ ‘സ്‌മാർട്ട് ബോർഡർ’ സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഇരു രാജ്യങ്ങളുമായുള്ള 6,000 കിലോമീറ്ററിലധികം വരുന്ന അതിർത്തി മേഖല പൂർണ്ണമായും സുരക്ഷിതമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ബി.എസ്.എഫിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന വാർഷിക റുസ്‌തംജി മെമ്മോറിയൽ പ്രഭാഷണത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പദ്ധതി പ്രഖ്യാപിച്ചത്.
അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുക, അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാ അനുപാതം കൃത്രിമമായി മാറ്റാനുള്ള ബാഹ്യശ്രമങ്ങളെ പരാജയപ്പെടുത്തുക., ഡ്രോണുകൾ വഴിയുള്ള ആയുധക്കടത്തും കള്ളപ്പണ വിതരണവും കന്നുകാലി കടത്തും പൂർണ്ണമായും നിയന്ത്രിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇതിനായി പരമ്പരാഗത സുരക്ഷാ രീതികൾക്ക് പുറമെ ആധുനിക സാങ്കേതികവിദ്യകളുടെ ഒരു സുരക്ഷാ ഗ്രിഡ് (Comprehensive Integrated Border Management System – CIBMS) ഇതിലൂടെ സ്ഥാപിക്കും. സാങ്കേതിക വിദ്യ, ഡ്രോണുകൾ, റഡാറുകൾ, സ്‌മാർട്ട് ക്യാമറകൾ എന്നിവ നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കാൻ സ്‌മാർട്ട് ബോർഡറിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ബിഎസ്എഫ് നിലവിൽ വന്നതിൻ്റെ അറുപതാം വർഷത്തിൽ സ്‌മാർട്ട് ബോർഡർ പദ്ധതി ആരംഭിക്കുമെന്ന് ബിഎസ്എഫ് സൈനികർക്ക് ഉറപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇന്ത്യക്ക് ബംഗ്ലാദേശും പാക്കിസ്ഥാനുമായുള്ള അതിർത്തി നുഴഞ്ഞു കയറ്റം സാധ്യമാകാത്തയിടമാക്കി മാറ്റും’ – കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. രാജ്യത്തുള്ള ഓരോ നുഴഞ്ഞു കയറ്റക്കാരെയും സർക്കാർ കണ്ടുപിടിക്കുമെന്നും അവരെ ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്നും ബിഎസ്എഫ് സംഘടിപ്പിച്ച റുസ്‌തംജി സ്‌മാരക പ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു. പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ, അസം, ത്രിപുര തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആഭ്യന്തര മന്ത്രാലയം ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

