ലോകാരോഗ്യ സംഘടന (WHO) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (DRC) ഉഗാണ്ടയിലും പടരുന്ന എബോള വൈറസ് വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിലെ ഇറ്റൂരി (Ituri) പ്രവിശ്യയിൽ അതിവേഗം പടരുന്ന ഈ രോഗബാധ മൂലം ഇതിനകം 88 മരണങ്ങളും 300-ലധികം സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോംഗോയുടെ വടക്കുകിഴക്കൻ പ്രവിശ്യകളിൽ എബോള വൈറസിന്റെ ഏറ്റവും അപൂർവവും മാരകവുമായ ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന സ്ട്രെയിനാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. 246 പേർക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഇതൊരു മഹാമാരി അടിയന്തിരാവസ്ഥയല്ലെന്നും എന്നാൽ കോംഗോയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ അതീവ ശ്രദ്ധ വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
സാധാരണ എബോള വകഭേദങ്ങൾക്ക് (Zaire strain) വാക്സിനുകൾ ലഭ്യമാണെങ്കിലും, നിലവിലെ ബുന്ദിബുഗ്യോ വകഭേദത്തിനെതിരെ അംഗീകൃത മരുന്നുകളോ ഫലപ്രദമായ വാക്സിനുകളോ ലഭ്യമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇതിന്റെ മരണനിരക്ക് 50 ശതമാനം വരെ ഉയർന്നേക്കാം. കോംഗോയ്ക്ക് പുറമെ അയൽരാജ്യമായ ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും കോംഗോയിൽ നിന്നെത്തിയ രണ്ടുപേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലും കേസ് റിപ്പോർട്ട് ചെയ്തു.
കോംഗോയിലെ അതിർത്തി കടന്ന് ഉഗാണ്ട ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ ഏകോപിതമായ നീക്കം വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. എന്നാൽ ആഭ്യന്തര യുദ്ധങ്ങളും ജനങ്ങളുടെ പലായനവും രോഗബാധിത പ്രദേശങ്ങളിലേക്കുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രവേശനം ദുഷ്‌കരമാക്കുന്നുണ്ട്. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.
കടുത്ത പനി, രക്തസ്രാവം, തളർച്ച, പേശി വേദന എന്നിവയാണ് എബോള രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ. രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പടരുന്നത്. വൈറസിനെ നിയന്ത്രിക്കുന്നതിനായി കൂടുതൽ മെഡിക്കൽ സഹായം ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അന്താരാഷ്ട്ര ഏജൻസികൾ.
രോഗബാധ കണ്ടെത്തിയ രാജ്യങ്ങൾ അടിയന്തര നിയന്ത്രണ സംവിധാനങ്ങൾ ശക്തമാക്കാനും രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനും ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, അതിർത്തികൾ പൂർണ്ണമായി അടയ്ക്കാനോ അന്താരാഷ്ട്ര വ്യാപാര-യാത്രാ വിലക്കുകൾ ഏർപ്പെടുത്താനോ സംഘടന ആവശ്യപ്പെട്ടിട്ടില്ല. രോഗലക്ഷണങ്ങൾ ഉള്ളവർ യാത്ര ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുണ്ട്

