ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സും ഇക്കൂട്ടത്തിലുണ്ട്. മഹാകുംഭമേളയിൽ പങ്കെടുക്കാനും പുണ്യസ്നാനം ചെയ്യാനുമെത്തിയ അവർ ആദ്യം വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു. ശേഷം നിരഞ്ജനി അഖാരയുടെ നിർദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമം സ്വീകരിച്ചു.
61-കാരിയായ ലോറീൻ വരുന്ന മൂന്നാഴ്ച ഉത്തർപ്രദേശിലുണ്ടാകും. നിരഞ്ജനി അഖാരയുടെ കൈലാസനാന്ദ് ഗിരി മഹാരാജിന്റെ കഥകൾ കേൾക്കുകയും കൽപവസ് പ്രകാരം പത്ത് ദിവസം ദിനചര്യകൾ പിന്തുടരുകയും ചെയ്യും. ഈ പത്ത് ദിവസവും അതിരാവിലെ പുണ്യനദിയിൽ സ്നാനം ചെയ്ത ശേഷം മന്ത്രങ്ങൾ ഉരുവിട്ടും വേദങ്ങൾ വായിച്ചുമാണ് ലോറീൻ തീർത്ഥാടനം നടത്തുക. വ്രതത്തിന്റെ ഭാഗമായി സാത്വിക് ആഹാരം കഴിച്ച് ആത്മീയ നേതാക്കളുടെ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്യും. തറയിൽ കിടക്കുക, ലളിതമായ ജീവിതശൈലി പിന്തുടരുക, തുളസി തൈ നടുക, സ്വന്തമായി പാകം ചെയ്ത ആഹാരമോ മറ്റ് തീർത്ഥാടകർ തയ്യാറാക്കിയ ഭക്ഷണമോ മാത്രം കഴിക്കുക, ആഭരണങ്ങളും മധുരങ്ങളും ഫലവർഗങ്ങളും ഒഴിവാക്കുക എന്നതും ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്.
എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികളും, നാഗ സന്യാസിമാരും?