Sunday, April 13, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികളും, നാഗ സന്യാസിമാരും?
എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികളും, നാഗ സന്യാസിമാരും?

എന്താണ് കുംഭമേളയുടെ പ്രാധാന്യം? ആരാണ് അഘോരികളും, നാഗ സന്യാസിമാരും?

by Editor
Mind Solutions

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ് (അലഹബാദ്), ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ ഈ നാല് സ്ഥലങ്ങളിലായി കുംഭമേളയും, ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും അര്‍ദ്ധ കുംഭമേളയും നടക്കുന്നു. ഏറ്റവും വിശേഷപ്പെട്ട പൂര്‍ണ്ണ കുംഭ മേള നടക്കുക 12 വര്‍ഷം കൂടുമ്പോഴാണ്. ഇങ്ങിനെ 12 പൂര്‍ണ കുംഭമേളകള്‍ക്ക് ശേഷം അതായത് 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതാണ് മഹാ കുംഭമേള. 144 വർഷം കൂടുമ്പോൾ നടക്കുന്ന കുംഭമേളയാണ് അതിവിശേഷമായി പറയുക. 1936-ലാണ് ഈ മഹാകുംഭമേള നടന്നത്. അടുത്ത മഹാകുംഭമേള 2080-ൽ ആണ് നടക്കുക.

കഴിഞ്ഞ അർദ്ധ കുംഭമേള 2019-ൽ കഴിഞ്ഞു. 2025-ൽ അതായതു ഈ വർഷം പൂർണ്ണ കുംഭമേളയാണ്. ഗുരു അഥവാ വ്യാഴം ഒരുവട്ടം സൂര്യനെ പ്രദിക്ഷണം ചെയ്യാൻ എടുക്കുന്ന സമയമാണ് 12 വർഷം. അതിനെയാണ് ഒരു വ്യാഴവട്ടം എന്നു പറയുന്നത്. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് 2025-ലെ കുംഭമേള നടക്കുന്നത്. മകരസംക്രാന്തി മുതൽ ശിവരാത്രി വരെ. അതായത് ഈ വരുന്ന മകരസംക്രാന്തി പുതിയൊരു വ്യാഴവട്ടത്തിന്റെ തുടക്കമാണ്.

ഐതിഹ്യങ്ങള്‍ ഏറെ ഉണ്ട് കുംഭ മേളയെ കുറിച്ച്. അതില്‍ പ്രധാനമായത് ദേവാസുര യുദ്ധ പരാമര്‍ശമാണ്. അമൃതിനു വേണ്ടിയുള്ള യുദ്ധത്തില്‍ അസുരന്മാരെ ദേവന്മാര്‍ തോല്‍പിച്ചു. 12 ദിവസം നീണ്ടു നിന്ന യുദ്ധത്തിനു ശേഷം ഗരുഡന്‍ അമൃത കുംഭത്തെ മഹാമേരു പര്‍വ്വതത്തിന്റെ അടിയില്‍ കുഴിച്ചിട്ടു എന്നാണ് കഥ. ഇവിടെ അമൃത് എന്നതിന് ജ്ഞാനം എന്നും അര്‍ത്ഥം ഉണ്ട്. അമൃതിന്റെ മര്‍ദ്ദത്തിന്റെ ഫലമായി ഓരോ പന്ത്രണ്ട് വര്‍ഷം കൂടുമ്പോളും അതിന്റെ ഒരു അംശം ഭൗമാന്തര്‍ഭാഗത്ത് കൂടി ഈ നാല് പുണ്യ സങ്കേതങ്ങളിലെ നദീജലത്തില്‍ കലരും എന്നാണ് വിശ്വാസം. ഈ സമയം ഈ നദികളില്‍ മുങ്ങി കുളിച്ചാല്‍ ജന്മ ജന്മാന്തരങ്ങളായി ചെയ്ത് പോയിട്ടുള്ള സകല പാപങ്ങളില്‍ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനാകും എന്നാണ് വിശ്വാസം.

മകരസംക്രാന്തി, പൗഷ് പൂര്‍ണ്ണിമ, മൗനി അമാവാസി, ബസന്ത് പഞ്ചമി, മാഘി പൂര്‍ണ്ണിമ, മഹാശിവരാത്രി എന്നിങ്ങനെ ആണ് കുംഭമേളയെ തരം തിരിച്ചിരിക്കുന്നത്. ഓരോ ദിവസത്തിനും അതിന്റെതായ പ്രത്യേകതകളും ആത്മീയ ഗുണങ്ങളും ഉണ്ട്. ആത്മീയതയുടെ ഉന്നത തലങ്ങളില്‍ സഞ്ചരിച്ചു പരിപൂര്‍ണ്ണ മോക്ഷ പ്രാപ്തിക്കുവേണ്ടി ഒറ്റ ഒരു താള ക്രമത്തില്‍ വളരെ കുലീനമായ രീതിയില്‍ സ്‌നാനം ചെയ്യുകയും ഭാരത സംസ്‌ക്കാരത്തെ മുന്‍ നിര്‍ത്തി ലോക രാജ്യങ്ങളോട് ഇവടുത്തെ മഹിമ വിളിച്ചോതുകയും ചെയ്യുന്ന ഒന്നാണ് കുംഭ മേള.

കുംഭമേള സമയത്ത് ഹിമാലയ ഗുഹാഗഹ്വരങ്ങളിലെങ്ങാേ താമസിക്കുന്ന താപസശ്രേഷ്ഠന്മാർ ഗംഗാസ്നാനത്തിനായി എത്തുന്നു എന്നതാണ് പ്രത്യേകത. ഇവരിൽ മിക്കവരും ദിംഗംബരന്മാരാണ്. പൊതുവെ ജനങ്ങളുമായി അകലം പാലിക്കുന്ന നാഗസന്യാസിമാരും, അഘോരികളുമടക്കം വലിയൊരു ഗുരു പരമ്പര ഈ സമയത്ത് ഗംഗാസ്നാനത്തിനായി എത്തുന്നു.

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും ചിലപ്പോൾ കാളിയെയും ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചുവരുന്നു. അധികം അറിയപ്പെടാത്തതും നിഗൂഢത നിറഞ്ഞതുമാണ്‌ ആഘോര സന്യാസികളുടെ ജീവിതം. ശരീരമാസകലം ചിതാഭസ്മം പൂശി പൂർണനഗ്നരായാണ് ഇവർ നടക്കുന്നത്. മൃതശരീരങ്ങളുമായി വളരെ അടുപ്പം കാണിക്കുന്ന ഇവർ പലതരം ആചാര-അനുഷ്‌ഠാനങ്ങൾക്കും തലയോട്ടികളാണ്‌ ഉപയോഗിക്കുന്നത്‌. ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളായ വൈഷ്ണവം, ശാക്തേയം, സ്മാർഥം, ശൈവസമ്പ്രദായം എന്നിവയിൽ ഏറ്റവും പഴക്കമേറിയ ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരാണ് അഘോരികൾ. ഇവരെ ശൈവർ എന്നും വിളിക്കുന്നുണ്ട്. ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്. ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ 5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വാരണാസി (ബനാറസ്-കാശി) യാണ് ഇവരുടെ പ്രധാന ആവാസ ഭൂമി. ശിവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല. തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു. അഘോരി സ്‌ത്രീകൾ കാളിയെപ്പോലെ ചിതാഭസ്‌മം പൂശി മന്ത്രങ്ങൾ ഉച്ചരിച്ചും പെരുമ്പറ കൊട്ടിയും ആഗ്രഹ പൂർത്തീകരണം നടത്തും. അഘോരികളുടെ മാനസികശക്തി അപാരമാണെന്ന് കരുതപ്പെടുന്നു.

കാമം ക്രോധം മോഹം ലോഭം മദം മാത്സര്യം ഇവയൊക്കെ ഉപേക്ഷിച്ചു ലോകക്ഷേമത്തിനും മോക്ഷപ്രാപ്തിക്കുമായി ഹിമാലയ സാനുക്കളിലെ കൊടും തണുപ്പില്‍ തപസ്സു ചെയ്യുന്നവരാണ് നാഗസന്യാസിമാർ. ഹിമാലയ സാനുക്കളിലെ കൊടും തണുപ്പില്‍ ഇവര്‍ തപസ്സനുഷ്ഠിക്കും. തപസ്സുചെയ്യുമ്പോള്‍ വിവസ്ത്രരാവുമെന്നതാണ്‌ നാഗ സന്യാസിമാരുടെ പ്രത്യേകത. സ്വന്ത ബന്ധമായതെല്ലാം ത്യജിച്ച്‌ സന്യാസം സ്വീകരിച്ചവരാണിവര്‍. പ്രകൃതിയില്‍ നിന്ന്‌ കണ്ടെത്തിയ ഒറ്റമൂലികളാണ്‌ ഇവരുടെ ആരോഗ്യം കാക്കുന്നത്‌. പ്രകൃതിക്ക്‌ വിരുദ്ധമായി ജീവിക്കുന്നവരെ തിരുത്തി ധര്‍മ മാര്‍ഗ്ഗത്തിലേക്ക്‌ എത്തിക്കുകയാണ്‌ ലക്ഷ്യം. അടിമുടി ഭസ്മം പൂശിയും എണ്ണിയാലൊടുങ്ങാത്ത രുദ്രാക്ഷമണികളുടെ മാലയും നീണ്ട ജഡയും ഇവരുടെ പ്രത്യേകതകളാണ്. കണ്ണുകൾക്ക്‌ പ്രകൃത്യാലുള്ള 9 ഡൈമെൻഷനും ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയുന്നതുകൊണ്ട്‌ ഇവരുടെ കണ്ണുകൾ എപ്പോഴും തീകുണ്ഡം മാതിരി ജ്വലിച്ചുനിൽക്കും. അതുകൊണ്ടുതന്നെ ഒറ്റനോട്ടം കൊണ്ട്‌ ഇവരെ തിരിച്ചറിയാൻ സാധിക്കും. സാധാരണ ജനങ്ങളുമായി ഇടപഴകുന്നതിൽ ഒട്ടും തൽപരലല്ലാത്ത ഇവർ മഹാരഹസ്യങ്ങളുടെ കലവറയാണ്. അതികഠിനമായ ധ്യാനവും യോഗയും ജീവിതപ്രസാദമായി കാണുന്ന ഇവർ കുംഭമേളയ്‌ക്കു വരുമ്പോൾതന്നെ പ്രത്യേക പരിഗണന നൽകി എല്ലാവരും ഭയഭക്തിബഹുമാനത്തോടെ ഒതുങ്ങി മാറും. ഇവർ സാധാരണയായി കുംഭമേളകളിൽ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. കുംഭമേളയുടെ മഹനീയത ഇവർക്കറിയാം. രാശിചക്രങ്ങളുടെ അത്യപൂർവ്വ സൂര്യ മുഹൂർത്തങ്ങളിൽ ഗംഗയിലുരുത്തിരിയുന്ന ശക്തിചൈതന്യം പകരാനും, തങ്ങളുടെ ആത്മീയശക്തിയെ പ്രോജ്വലിപ്പിക്കുവാനുമാണു ഇവർ കുംഭമേളകളിൽ മാത്രം പ്രത്യക്ഷപ്പെടുന്നത്‌.

Top Selling AD Space

You may also like

error: Content is protected !!