തിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി 1 വിഭാഗത്തിലെ വൈറ്റ്, ഗ്രീന്‍ യൂണിറ്റുകൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നാണ് പറഞ്ഞതെന്ന് മന്ത്രി എംബി രാജേഷ്. കാറ്റഗറി 1-ല്‍ പെടുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സിന്റെ ആവശ്യമില്ലെന്ന തദ്ദേശവകുപ്പ് മന്ത്രിയുടെ അറിയിപ്പ് പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ പ്ലാന്റിനു വേണ്ടിയാണെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഓഫിസ് വിശദീകരണവുമായി വന്നത്. കാറ്റഗറി 1 വിഭാഗത്തിലെ റെഡ്, ഓറഞ്ച് വിഭാഗത്തിന് ലൈസന്‍സ് ആവശ്യമുണ്ട്. എഥനോള്‍ പ്ലാന്റ് റെഡ് വിഭാഗത്തില്‍പ്പെടുമെന്നാണ് റിപ്പോർട്ട്.
വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നും ആയിരുന്നു വാർത്താസമ്മേളനത്തിൽ മന്ത്രി എംബി രാജേഷ് പറഞ്ഞത്. അതാണ് വിമർശനത്തെ തുടർന്ന് വ്യക്തത വരുത്തിയത്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാൽ മതി. ലൈസൻസ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
സംരംഭകത്തെ പ്രോത്സാഹിപ്പിക്കാൻ തദ്ദേശ ചട്ടങ്ങളിൽ മാറ്റം വരുത്താനാണ് തീരുമാനം. സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ചു. ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് 42 മാറ്റങ്ങൾ ഇതിനകം മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും ഉൾപ്പെടുന്ന സമിതിയുടെതാണ് ശുപാർശ. തദ്ദേശ നിയമങ്ങളിൽ കാലോചിത മാറ്റം കൊണ്ടു വന്നിട്ടുണ്ട്. അദാലത്തിലെ അഭിപ്രായങ്ങൾ പ്രകാരം പുതിയ മാറ്റങ്ങൾ പരിഗണിക്കുകയാണ്. കെട്ടിട നിർമ്മാണ ഫീസ് 60% കുറച്ചു. ഏപ്രിൽ മാസത്തിൽ കെ- സ്മാർട്ട് പഞ്ചായത്തിലും, പുതിയകാല സംരംഭങ്ങൾക്ക് ലൈസൻസ് നൽകാനായി ചട്ട ഭേദഗതി ചെയ്തുവെന്നും എംബി രാജേഷ് പറഞ്ഞു. ഫാക്ടറി പോലുളള സംരംഭങ്ങളെ ക്ലാസ് ഒന്നായി പരിഗണിക്കും. സൂഷ്മ സംരംഭങ്ങൾ നടത്തുന്ന വീടുകളിൽ ലൈസൻസ് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിക്ഷേപ മൂലധനങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ഇനി ലൈസൻസ് ഫീസ്. വീടുകളില്‍ നടത്തുന്ന വ്യവസായങ്ങള്‍ക്ക് ലൈസൻസ് നൽകും. ആളുകള്‍ താമസിക്കുന്ന വീടുകളിൽ 50 ശതമാനവും സംഭരപ്രവർത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഒരു സംരംഭത്തിന് ഒരിക്കൽ ലൈസൻസ് വാങ്ങിയാൽ ഇത് കൈമാറ്റാം ചെയ്യാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി.