കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹത്തിന് മുൻപ് മെഡിക്കൽ പരിശോധന എല്ലാവർക്കും നിർബന്ധമാക്കി. ഇത് സംബന്ധിച്ച് 2008-ലെ നിയമത്തിൽ ഭേദഗതി വരുത്തിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി വ്യക്തമാക്കി. വിവാഹത്തിനു മുമ്പുള്ള മെഡിക്കൽ പരിശോധനകൾ സംബന്ധിച്ച 2008-ലെ 31-ാം നമ്പർ നിയമത്തിനായുള്ള പുതുക്കിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾക്ക് അംഗീകാരം നൽകി എന്നും പുതിയ ചട്ടം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കുവൈത്ത് സമൂഹത്തിൽ ജനിതക, പകർച്ചവ്യാധികളുടെ വ്യാപനം കുറയ്ക്കുന്നതിനും ഈ പരിശോധന ലക്ഷ്യമിടുന്നു. രണ്ട് കക്ഷികളും കുവൈത്തികളാണോ അല്ലയോ എന്ന് നോക്കാതെ, കുവൈത്തിലെ എല്ലാ വിവാഹ കരാറുകൾക്കുമായി മെഡിക്കൽ പരിശോധനകൾ വിപുലീകരിക്കുന്നതാണ് പുതിയ ചട്ടങ്ങളിലെ ഒരു പ്രധാന ഭേദഗതി. രാജ്യത്ത് നടത്തുന്ന എല്ലാ വിവാഹ ഉടമ്പടികൾക്കും നിയമം ബാധകമായിരിക്കും. അതായത്, വരനും വധുവും കുവൈത്ത് സ്വദേശികളായാലും, രണ്ട് പേരിൽ ഒരാൾ വിദേശിയായാലും, രണ്ട് പേരും വിദേശികളായാലും നിയമം ബാധകമാണ്. മെഡിക്കൽ പരിശോധനാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഡിജിറ്റൽ ആപ്ലിക്കേഷനുകളുടെ ഉപയോഗവും പുതിയ നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.