ടെഹ്റാൻ: അമേരിക്ക-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനയിയുടെ (Ali Khamenei) ഭൗതികശരീരം ജൂലൈ 9-ന് സംസ്‌കരിക്കും. 2026 ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സുരക്ഷാ കാരണങ്ങളാലും യുദ്ധസാഹചര്യങ്ങളാലും മാസങ്ങളോളം നീട്ടിവെച്ച സംസ്കാര ചടങ്ങുകളുടെ തീയതിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നുണ്ടെങ്കിലും വിപുലമായ രീതിയിൽ തന്നെ സംസ്‌കാര ചടങ്ങുകൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇറാൻ. ഇതിനായി മാസങ്ങളായി പ്രത്യേക സംഘം പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ഇത്രയും കാലം മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജൂലൈ 4-ന് തലസ്ഥാനമായ ടെഹ്‌റാനിൽ വിലാപയാത്രയോടെ ചടങ്ങുകൾ ആരംഭിക്കും. ടെഹ്‌റാനിലെ ചടങ്ങുകൾക്ക് ശേഷം ജൂലൈ 7-ന് വിശുദ്ധ നഗരമായ ഖുമിലും (Qom) വിലാപയാത്ര നടക്കും. ജൂലൈ 9-ന് അദ്ദേഹത്തിൻ്റെ ജന്മനാടായ മഷഹദിലെ (Mashhad) പ്രശസ്തമായ ഇമാം റെസാ മഖ്ബറയ്ക്ക് (Imam Reza Shrine) സമീപം ഭൗതികശരീരം അടക്കം ചെയ്യും.
ഏപ്രിലിലും മാർച്ചിലും ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാപരമായ കാരണങ്ങളാൽ ഇറാൻ ഭരണകൂടം അത് ഉപേക്ഷിക്കുകയായിരുന്നു. ഇസ്രയേൽ-യുഎസ് ആക്രമണ സാധ്യതകളും ബഹുജന ഒത്തുചേരലുകളിലെ സംഘർഷ ഭീതിയുമാണ് ചടങ്ങുകൾ വൈകാൻ പ്രധാന കാരണമായത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇറാനെ നയിച്ച പരമോന്നത നേതാവിൻ്റെ വിടവാങ്ങൽ ചടങ്ങുകൾ രാജ്യം അതീവ ഗൗരവത്തോടെയും സുരക്ഷാ മുൻകരുതലുകളോടെയുമാണ് സമീപിക്കുന്നത്. സംസ്‌കാര ചടങ്ങുകൾക്കായി പ്രത്യേക സുരക്ഷാ വലയം തന്നെ മഷ്ഹദിൽ ഒരുക്കുമെന്നാണ് സൂചനകൾ.
അലി ഖൊമേനയിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ആയത്തുള്ള സയ്യിദ് മൊജ്തബ ഖൊമേനയിയെ (Mojtaba Khamenei) ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.
സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്‍; അരഗ്ചിയുടെ പോസ്റ്റ് ഷെയർ ചെയ്ത് ട്രംപ്

