‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപന പോസ്റ്റർ ക്യൂബ്‌സ് എന്റർടെയിൻമെന്റ്‌സ് സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തിറങ്ങി. ‘പ്രൊഡക്ഷൻ നമ്പർ 2’ എന്ന പേരിൽ, ഒരു കത്തിയുമായി പുറംതിരിഞ്ഞുനിൽക്കുന്ന കഥാപാത്രവും, മുൻഭാഗത്ത് വിന്റേജ് മോഡലിലുള്ള ഒരു തോക്കും ഉൾപ്പെട്ടിരിക്കുന്ന പോസ്റ്ററാണ് പുറത്ത് വന്നത്.
നവാഗതനായ പോൾ ജോർജ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, മലയാളത്തിനൊപ്പം മറ്റ് ഭാഷകളിൽ നിന്നുമുള്ള പ്രമുഖ സാങ്കേതിക വിദഗ്ധരും ഈ ചിത്രത്തിനായി ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ ലഭ്യമാണ്. ഏതായാലും, അടുത്ത അപ്‌ഡേറ്റിനായി സിനിമപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മലയാള സിനിമയിലേക്ക് ഒരു പിടി കഴിവുറ്റ കലാകാരന്മാർക്ക് അവസരം നൽകുക മാത്രമല്ല, മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് മാർക്കോ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.