ചെന്നൈ നഗരത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിർണായകമായ പൂനമല്ലി – പോരൂർ മെട്രോ ലൈൻ 2025 അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായ ഈ 9 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടിൽ 10 സ്റ്റേഷനുകൾ ഉൾപ്പെടുന്നു. അഡയാറിലെ തുരങ്കനിർമാണ പ്രവൃത്തികൾ നിരീക്ഷിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നഗരത്തിന്റെ കിഴക്ക് – പടിഞ്ഞാറ് മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാത ആരംഭിച്ചാൽ, ചെന്നൈയിലെ ഗതാഗത കുരുക്കിന് ഒരളവുവരെ ആശ്വാസം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ 90% വയഡക്റ്റ് നിർമാണവും 70% സ്റ്റേഷൻ നിർമാണവും ഇതിനകം പൂർത്തിയായതായി റിപ്പോർട്ടുകളുണ്ട്. അഡയാർ ടണലിങ് പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തിയതായും, ശേഷിക്കുന്ന ഭാഗം ഉടൻ പൂർത്തിയാക്കുമെന്ന് സിഎംആർഎൽ അറിയിച്ചു. ചെന്നൈ മെട്രോ വികസനത്തിന് സ്വയം ഫണ്ട് നൽകുന്ന ആദ്യ സംസ്ഥാനമായി തമിഴ്നാട് മാറിയെന്നും, മെഗാ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ വേഗത്തിലാക്കുന്നതിനായി സർക്കാർ പ്രതിബദ്ധമാണെന്നും സ്റ്റാലിൻ വിശദീകരിച്ചു.