Tuesday, May 26, 2026
Home » പശ്ചിമേഷ്യൻ രാജ്യങ്ങൾ എബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്ന് ട്രംപ്; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ
പശ്ചിമേഷ്യൻ രാജ്യങ്ങൾ എബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്ന് ട്രംപ്; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ

പശ്ചിമേഷ്യൻ രാജ്യങ്ങൾ എബ്രഹാം ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്ന് ട്രംപ്; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ

by Editor

വാഷിങ്ടൺ: യുഎസ്-ഇറാൻ സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കെ, പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇസ്രയേലുമായുള്ള ‘എബ്രഹാം ഉടമ്പടിയിൽ’ (Abraham Accords) ഒപ്പുവെക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ‘എബ്രഹാം ഉടമ്പടി’യുടെ (Abraham Accords) ഭാഗമാകണമെന്നാണ് ട്രംപിന്‍റെ പുതിയ ആവശ്യം. ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക, ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കുക, ഇറാന് നഷ്ടപരിഹാരം നൽകില്ല തുടങ്ങിയ കടുത്ത നിബന്ധനകൾക്ക് പുറമെയാണ് ട്രംപ് പുതിയ നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്.

ഖത്തറിൽ നടക്കുന്ന ചർച്ചകൾക്ക് തൊട്ടുമുമ്പ്, ഗൾഫ് രാജ്യങ്ങളും ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളും ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്ന ഈ കരാറിൽ ഒപ്പുവെക്കൽ നിർബന്ധമാക്കണമെന്ന് (Mandatory) ട്രംപ് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുകയായിരുന്നു. അമേരിക്ക ഇത്രയും കഷ്ടപ്പെട്ട് തയ്യാറാക്കിയ സമാധാന പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ, പശ്ചിമേഷ്യയിലെയും മറ്റ് പ്രമുഖ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന എബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്ന് ട്രംപ് വ്യക്തമാക്കി.

ഇസ്രയേലിനെ ഒരു അധിനിവേശ ശക്തിയായി കാണുന്ന ഇറാൻ, എബ്രഹാം ഉടമ്പടിയെ പലസ്തീൻ ജനതയോടുള്ള വഞ്ചനയായാണ് വിലയിരുത്തുന്നത്. കൂടാതെ, ഒരു സ്വതന്ത്ര പലസ്തീൻ രാജ്യം യാഥാർത്ഥ്യമാകാതെ ഇസ്രയേലുമായി പൂർണ്ണ നയതന്ത്രബന്ധത്തിനില്ലെന്ന ശക്തമായ നിലപാടിലാണ് സൗദി അറേബ്യ അടക്കമുള്ള പ്രമുഖ അറബ് രാജ്യങ്ങൾ.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സമാധാന കരാർ ഒപ്പുവെക്കുമെന്ന പ്രതീക്ഷകൾ നിലനിൽക്കവെയാണ്, ട്രംപിന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത പുതിയ പശ്ചിമേഷ്യൻ നയം ചർച്ചകളെ വീണ്ടും സങ്കീർണ്ണമാക്കിയിരിക്കുന്നത്.

എന്താണ് എബ്രഹാം ഉടമ്പടി (Abraham Accords)?

ഡൊണാൾഡ് ട്രംപിന്റെ ഒന്നാം ഭരണകാലത്ത് (2020-ൽ) യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും അറബ് രാജ്യങ്ങളും (യു.എ.ഇ, ബഹ്‌റൈൻ, മൊറോക്കോ) തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ നയതന്ത്ര കരാറാണിത്. ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഈ ഉടമ്പടിയിൽ ഒപ്പിട്ട രാജ്യങ്ങൾക്ക് വലിയ സാമ്പത്തിക -സാമൂഹിക പുരോഗതിയാണ് ഉണ്ടായതെന്ന് ട്രംപ് അവകാശപ്പെട്ടു. ഉടമ്പടി വിപുലീകരണത്തിന് സൗദി അറേബ്യയും ഖത്തറും ഉടൻ ഒപ്പുവെച്ചുകൊണ്ട് തുടക്കം കുറിക്കണമെന്നും മറ്റ് രാജ്യങ്ങൾ അത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗദി അറേബ്യ, യുഎഇ, ഖത്തർ, പാക്കിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ഭരണ നേതൃത്വവുമായി താൻ സംസാരിച്ചതായി ട്രംപ് തിങ്കളാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനായി യുഎസ് നടത്തിയ ശ്രമങ്ങൾ കണക്കിലെടുത്ത് ഈ രാജ്യങ്ങളെല്ലാം ഒരേസമയം എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്നാണ് ട്രംപിന്‍റെ പുതിയ ആവശ്യം.

ഇറാനും യുഎസും കരാറിലേക്ക് എന്ന് സൂചന; ചർച്ചകളിൽ മിസൈൽ പദ്ധതികൾ ഉൾപെടാത്തതിൽ ഇസ്രായേലിന് അതൃപ്തി

Send your news and Advertisements

You may also like

error: Content is protected !!