ബീജിങ്: തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പിൻഗാമിയെ (പുനർജന്മം) നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ചൈന. അടുത്ത ദലൈലാമയെ നിശ്ചയിക്കാനുള്ള പൂർണ്ണമായ അധികാരം ബീജിങ്ങിലെ ചൈനീസ് ഭരണകൂടത്തിന് മാത്രമാണെന്നും ഇതിൽ യാതൊരുവിധ ബാഹ്യ ഇടപെടലുകളും അഅനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രി കിരൺ റിജിജു ദലൈലാമയുടെ പിൻഗാമി നിർണയത്തെ പിന്തുണച്ച് സംസാരിച്ചതിനും ധർമ്മശാലയിൽ നടന്ന ദലൈലാമയുടെ തൊണ്ണൂറാം ജന്മദിനാഘോഷങ്ങളിൽ ഇന്ത്യൻ പ്രതിനിധികൾ പങ്കെടുത്തതിനും തൊട്ടുപിന്നാലെയാണ് ചൈനയുടെ പ്രതികരണം. തിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യ വാക്കുകളിലും പ്രവൃത്തികളിലും സൂക്ഷ്‌മത പാലിക്കണമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ചൈന ഓർമ്മിപ്പിച്ചു.
ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് ആണ് വാർത്താ സമ്മേളനത്തിൽ ബീജിങിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. ദലൈലാമയുടെ പുനർജന്മം എന്നത് കേവലം ഒരു മതപരമായ കാര്യമല്ല. ചരിത്രപരമായ കൺവെൻഷനുകൾ, ചൈനീസ് നിയമങ്ങൾ, ഗോൾഡൻ അൺ നറുക്കെടുപ്പ് പ്രക്രിയ എന്നിവ പാലിച്ചും ചൈനീസ് സർക്കാരിൻ്റെ അന്തിമ അംഗീകാരത്തോടെയും മാത്രമേ പുതിയ പിൻഗാമിയെ കണ്ടെത്താനാകൂ. നിലവിലെ പതിനാലാമത് ദലൈലാമയെപ്പോലും അന്നത്തെ ചൈനീസ് ഭരണകൂടമാണ് അംഗീകരിച്ചതെന്ന് മാവോ നിങ് വ്യക്തമാക്കി.
അതേസമയം ചൈനയുടെ ഈ ഏകപക്ഷീയമായ അവകാശവാദങ്ങൾക്കെതിരെ തിബറ്റൻ ഭരണകൂടവും വിവിധ അന്താരാഷ്ട്ര സംഘടനകളും പ്രതിഷേധം അറിയിച്ചു. തങ്ങളുടെ ആത്മീയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം പൂർണമായും തിബറ്റൻ ജനതയ്ക്ക് മാത്രമാണെന്നാണ് അവർ വ്യക്തമാക്കുന്നത്. തൻ്റെ പിൻഗാമിയെ കണ്ടെത്താനുള്ള പൂർണ ചുമതല താൻ തന്നെ സ്ഥാപിച്ച ‘ഗാദെൻ ഫോഡ്രങ്’ ട്രസ്റ്റിന് മാത്രമായിരിക്കുമെന്ന് ദലൈലാമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ പിന്തുണച്ച ഇന്ത്യ, പുനർജന്മം എന്നത് വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അതിൽ തീരുമാനമെടുക്കേണ്ടത് ദലൈലാമയും ബുദ്ധമത സമൂഹവുമാണെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
തന്റെ പിൻഗാമി ചൈനയ്ക്ക് പുറത്തുള്ള ഒരു സ്വതന്ത്ര ലോകത്തിലായിരിക്കും ജനിക്കുകയെന്നും, ഒരുപക്ഷേ താൻ ഇന്ത്യയിൽ പുനർജനിച്ചേക്കാമെന്നും പതിനാലാം ദലൈലാമ നേരത്തെ വ്യക്തമാക്കിയിരുന്നു. 1959-ൽ ചൈനീസ് അധിനിവേശത്തെത്തുടർന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത ദലൈലാമ നിലവിൽ ഹിമാചൽ പ്രദേശിലെ ധർമശാല ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. അന്ന് മുതൽ ദലൈലാമയ്ക്കും ലക്ഷക്കണക്കിന് തിബറ്റൻ അഭയാർത്ഥികൾക്കും അഭയം നൽകുന്നത് ഇന്ത്യയാണ്. വരാനിരിക്കുന്ന പുതിയ ആത്മീയ നേതാവിലൂടെ തിബറ്റിന് മേലുള്ള തങ്ങളുടെ രാഷ്ട്രീയ നിയന്ത്രണം പൂർണമാക്കാൻ ചൈന ശ്രമിക്കുമ്പോൾ, ഈ വിഷയം വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.
കിഴക്കൻ ലഡാക്ക് അതിർത്തി തർക്കങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ വിവാദം. ദലൈലാമയുടെ പിൻഗാമി ആരായിരിക്കുമെന്നത് വരും ദിവസങ്ങളിലും ഇന്ത്യ-ചൈന നയതന്ത്ര ബന്ധങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്ന വിഷയമായി തുടരും.

