കളക്ഷൻ റെക്കോഡുകളെല്ലാം പഴങ്കഥയാക്കി മുന്നേറുകയാണ് ബി. സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത അല്ലു അർജുൻ ചിത്രം പുഷ്പ 2. റിലീസ് ചെയ്ത് 32 ദിവസങ്ങൾ പിന്നിടുമ്പോൾ 1831 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇപ്പോഴിതാ കളക്ഷൻ വീണ്ടും കൂട്ടാനുള്ള പുതിയ തന്ത്രങ്ങളുമായി എത്തിയിരിക്കുകയാണ് പുഷ്പ നിർമാതാക്കൾ. ജനുവരി 11 മുതൽ 20 മിനിറ്റ് അധികമുള്ള ചിത്രമായിരിക്കും പ്രദർശിപ്പിക്കുക. റീലോഡഡ് വേർഷൻ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ, ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂർ 40 മിനിറ്റ് ആയി ഉയരും. ഇത്തരത്തിൽ അഡീഷണൽ ഫൂട്ടേജ് സിനിമയിൽ കൂട്ടിച്ചേർക്കുന്നതോടെ അത് സിനിമയുടെ കളക്ഷനെ ഇനിയും വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. നേരത്തെ സിനിമയുടെ ഒടിടി റിലീസ് സമയത്ത് ചിത്രത്തിൽ നിന്നുള്ള ഡിലീറ്റഡ് സീനുകൾ കൂട്ടിച്ചേർക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
ആഗോളതലത്തിൽ 2000 കോടി മറകടക്കുകയെന്ന ലക്ഷ്യത്തിലാണ് നിർമാതാക്കൾ. നിലവിൽ ആമിർ ഖാൻ നായകനായ ദംഗൽ മാത്രമാണ് 2000 കോടിയെന്ന അദ്ഭുത സംഖ്യയിലെത്തി നിൽക്കുന്ന ഇന്ത്യൻ ചിത്രം. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ഹിന്ദി പതിപ്പിനാണ്. നേരത്തെ രാജമൗലിയുടെ ചിത്രം ‘RRR’-ന്റെയും (1230 കോടി) ‘കെ.ജി.എഫ്: ചാപ്റ്റര്‍ 2’ (1215 കോടി) ന്റെയും കളക്ഷൻ റെക്കോഡുകൾ ‘പുഷ്പ 2: ദി റൂള്‍’ മറികടന്നിരുന്നു. ഇപ്പോഴിതാ ‘ബാഹുബലി 2’ വിന്റെ കളക്ഷനും വെട്ടിച്ചിരിക്കുകയാണ് പുഷ്പ. 1790 കോടി രൂപയായിരുന്നു ബാഹുബലി 2 -വിന്റെ കളക്ഷൻ. 2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ ‘ദംഗലി’ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ബോക്സ് ഓഫീസിൽ പുഷ്പയുടെ തേരോട്ടം ഇതുപോലെ തുടരുകയാണെങ്കിൽ ആ റെക്കോർഡും പുഷ്പ മറികടക്കുമെന്നാണ് ആരാധകർ പറയുന്നത്.
ഇന്ത്യന്‍ സിനിമയിലെ റെക്കോർഡ് തുകയായ 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 ഒടിടി അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ജനുവരി അവസാനത്തോടെ പുഷ്പ 2 സ്ട്രീമിംഗ് ചെയ്യുമെന്നാണ് വിവരം. മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണിത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍.