മലയാള സിനിമ കണ്ട ക്രൈം ത്രില്ലറുകളിൽ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം വൻ വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ കുറിച്ചുനാളുകളായി ദൃശ്യം 3-മായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 വരുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മോഹൻലാൽ.
ജീത്തു ജോസഫും, ആന്റണി പെരുമ്പാവൂരും മോഹൻലാലും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ്. ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കില്ല എന്ന അടിക്കുറിപ്പോടു കൂടിയാണ് ദൃശ്യം 3 ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് മോഹൻലാൽ എത്തിയത്. ഇതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.
ചൈനീസ് ഭാഷയില്‍ അടക്കം റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമകൂടിയാണ് ദൃശ്യം. ചിത്രത്തിന്റെ കഥ ലോകത്തിന്റെ ഏത് കോണിലുള്ളവരെയും ആകര്‍ഷിക്കുന്നതാണ്. 2013-ല്‍ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണത്.