കേരളത്തിൽ വമ്പൻ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് കേരള 2025 പരിപാടിയെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഗ്ലോബൽ നിക്ഷേപക സമ്മിറ്റ് പോലുള്ള പരിപാടികൾ രാഷ്ട്രീയ ആഘോഷ പരിപാടികൾ മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം പരിപാടികളിലൂടെ കേരളത്തിലേക്ക് നിക്ഷേപം വരുകയോ ആർക്കെങ്കിലും ജോലി ലഭിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് 2011 മുതൽ നിക്ഷേപക സമ്മേളനങ്ങൾ നടക്കുന്നുണ്ട്. ഇതിനോടകം 6 നിക്ഷേപക സംഗമങ്ങളും 4 ലോക കേരള സഭകളും നടത്തി. എന്നാൽ തൊഴിൽ പൂജ്യമാണ് എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
രണ്ട് ദിവസത്തെ ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിലേക്ക് ഞാൻ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നു, കൂടാതെ നിക്ഷേപക സംഗമത്തിന് എല്ലാ വിജയവും നേരുന്നു. എന്നാൽ ഒരു കാര്യം പറയാതെ വയ്യ – 2011 മുതൽ കേരളം നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇത്തരം ആറ് മീറ്റുകളും നാല് ലോക കേരള സഭകളും സി.പി.എം – കോൺഗ്രസ് സർക്കാരുകൾ നടത്തിക്കഴിഞ്ഞു. പക്ഷെ അതിൻ്റെ ഫലമായി മാളുകൾ പണിയുന്നതിന് അപ്പുറം നിക്ഷേപങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് മാത്രം. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. ഇന്നും നമ്മുടെ യുവാക്കൾ ജോലി തേടി കേരളത്തിന് പുറത്തേക്ക് പോകുന്നത് തുടരുകയും ചെയ്യുന്നു.
മാറി വരുന്ന സിപിഎം – കോൺഗ്രസ്/മുസ്ലീം ലീഗ് സർക്കാരുകൾ അഴിമതിയും അക്രമവും ബിസിനസ് വിരുദ്ധ സംസ്കാരവും പ്രോൽസാഹിപ്പിച്ച് കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെയും യുവാക്കളുടെ ഭാവിയെയും നശിപ്പിക്കുകയാണ് ചെയ്തത്.
ആവർത്തിച്ചുള്ള കോൺഗ്രസ്/ഇടത് ഭരണത്തിലൂടെ രാജ്യത്ത് ഏറ്റവും സാമ്പത്തിക കെടുകാര്യസ്ഥതയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. 2016-നും 2023-നും ഇടയിൽ കേരളത്തിന് 1,10,000 കോടിയുടെ നഷ്ടമുണ്ടായെന്ന് സിപിഎം സർക്കാർ തന്നെ സുപ്രീം കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഇൻഡി സഖ്യ പങ്കാളിയായ കോൺഗ്രസ് ആകട്ടെ വികസനം ഏറെക്കുറെ ഇല്ലാതാക്കി ഹിമാചൽ പ്രദേശിൻ്റെയും കർണാടകയുടെയും സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും നശിപ്പിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിലെ ആഗോള നിക്ഷേപക സംഗമങ്ങൾ കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും കീഴിലുള്ള ഒരു രാഷ്ട്രീയ പരിപാടി മാത്രമായി മാറിയിരിക്കുന്നു. അല്ലാതെ കാര്യമായ നിക്ഷേപങ്ങളോ, തൊഴിലുകളോ ഇതിലൂടെ യാഥാർത്ഥ്യമായിട്ടില്ല. സർക്കാർ ജോലിക്കായി കഷ്ടപ്പെടുന്ന മലയാളി യുവാക്കളുടെ നിരാശയും അവരോട് സർക്കാർ പുലർത്തുന്ന നിസ്സംഗതയെയും കുറിച്ച് 2024 ഏപ്രിലിൽ ഞാനൊരു കുറിപ്പ് പങ്കുവച്ചിരുന്നു.
ഇതെല്ലാം മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, എൻ്റെ മനോഹരമായ നാട്ടിലേക്ക് കൂടുതൽ നിക്ഷേപകർ വരണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. ഒപ്പം യുവാക്കൾക്ക് കൂടുതൽ ജോലിയും അവസരങ്ങളും ലഭിക്കുകയും വേണം. പക്ഷേ കോൺഗ്രസ്, സിപിഎം ഭരണങ്ങൾക്ക് കീഴിൽ അത് ഉണ്ടാകാൻ സാധ്യതയില്ല.
ഇതിന് മാറ്റം വരാം. കേരളത്തിന് വലിയ നിക്ഷേപവും വികസനവും അവസരങ്ങളും ലഭിക്കുകയും ചെയ്യും. പക്ഷെ അതിന് ഇപ്പോഴത്തെ സർക്കാരും രാഷ്ട്രീയവും മാറി നരേന്ദ്ര മോദിജിയുടെ ശൈലിയിലുള്ള ഫലപ്രദമായ ഭരണം നിലവിൽ വരണം… എന്നായിരുന്നു രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയ പ്ലാറ്റഫോം ആയ എക്സിൽ കുറിച്ചത്.