ന്യൂ ഡൽഹി: ഭീകരവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചേ മതിയാവൂ. അതല്ലാതെ സമാധാനത്തിലേക്ക് മറ്റൊരു മാർഗമില്ല. ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറുമൊരു പേര് മാത്രമല്ലെന്നും അത് രാജ്യത്തെ ജനങ്ങളുടെ വികാരമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ മോദി ഈ വിജയത്തിനായി സൈന്യം കഠിനമായി പ്രവര്‍ത്തിച്ചെന്നും സൈന്യത്തിന് സല്യൂട്ട് നല്‍കുകയാണെന്നും വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
പഹൽഗാമിൽ അവധിയാഘോഷിക്കാനെത്തിയ സാധാരണക്കാരെയാണ് മതം ചോദിച്ച് കൊലപ്പെടുത്തിയത്. ഭീകരവാദികൾ കാണിച്ച ക്രൂരത ലോകത്തെ തന്നെ പിടിച്ചുകുലുക്കി. കുടുംബങ്ങളുടെ മുന്നിൽ വെച്ചാണ് സാധാരണക്കാരെ ഭീകരവാദികൾ കൊലപ്പെടുത്തിയത്. ഇന്ത്യ നൽകിയ കനത്ത തിരിച്ചടി ഭീകരവാദികൾ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇന്ത്യൻ മിസൈലും ഡ്രോണുകളും പാകിസ്ഥാനിലെ സ്ഥലങ്ങൾ ആക്രമിച്ചപ്പോൾ ഭീകരവാദികളുടെ കെട്ടിടങ്ങൾ മാത്രമല്ല അവരുടെ ധൈര്യവും തകർന്നു. തിരിച്ചടിയിലൂടെ ഇന്ത്യ തകർത്തത് ഭീകരതയുടെ യൂണിവേഴ്സിറ്റിയാണെന്നും മോഡി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് വ്യക്തമാക്കി.
നമ്മുടെ മിസൈലുകൾ കൃത്യതയോടെ അവരുടെ വ്യോമതാവളങ്ങളിൽ ആക്രമണം നടത്തി. ബഹാവൽപുരും മുരിദ്കെയും പോലുള്ള ഭീകരരുടെ പരിശീലന കേന്ദ്രങ്ങൾ ഭീകരതയുടെ ആഗോള സർവകലാശാലകളായിരുന്നു. ഭീകരർ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു. അതിനു പകരമായി ഭീകരതയുടെ ആഗോളകേന്ദ്രങ്ങളെ തന്നെ നമ്മൾ തകർത്തു. ഈ തിരിച്ചടിയിൽ നൂറോളം ഭീകരരെയാണ് ഇന്ത്യ വധിച്ചത്. കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടുകളായി ഇവർ പാക്കിസ്ഥാനിൽ സർവ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ ഭീഷണി ഉയർത്തുകയായിരുന്നു. അവരെയാണ് ഇന്ത്യ ഒറ്റ ഞൊടിയിൽ ഇല്ലാതാക്കിയത്. ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്നതിനു പകരം പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിനിറങ്ങി. സ്കൂളുകളും കോളജുകളും ഗുരുദ്വാരകളും ക്ഷേത്രങ്ങളും സാധാരണക്കാരുടെ വീടുകളും ആക്രമിച്ചു. പാക്കിസ്ഥാൻ സൈന്യത്തിനു നേരെയും വന്നു. എന്നാൽ ഇതിലെല്ലാം പാക്കിസ്ഥാൻ സ്വയം നാണംകെടുകയായിരുന്നു. ഇന്ത്യൻ തിരിച്ചടിയിൽ ഭയന്ന പാക്കിസ്ഥാൻ ലോകം മുഴുവൻ നടന്ന് സംഘർഷം ലഘൂകരിക്കാനുള്ള മാർഗങ്ങൾ തേടി. ഒടുവിൽ മേയ് 10-ന് ഉച്ചയ്ക്ക് പാക്കിസ്ഥാൻ സൈന്യം നമ്മുടെ ഡിജിഎംഒയെ വിളിച്ചു. അപ്പോഴേക്കും പാക്കിസ്‌ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ നിലംപരിശാക്കിയിരുന്നു. ഭീകരരെ തുടച്ചുനീക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും മോദി വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരായ ഭീകരവാദ ആക്രമണത്തിന് ഉചിതമായ തിരിച്ചടി നേരിടേണ്ടി വരും. പ്രതികരണം എങ്ങനെവേണമെന്ന് തങ്ങൾ തീരുമാനിക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചയുണ്ടെങ്കിൽ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കാശ്‌മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും അദേഹം വ്യക്തമാക്കി.
പാക്കിസ്ഥാൻ സൈന്യവും സർക്കാരും ഭീകരരെ വളർത്തുകയാണ്. അത് അവരെ തന്നെ നശിപ്പിക്കും. പാക്കിസ്ഥാൻ അതിജീവിക്കണമെങ്കിൽ അവർ ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കണം. ഭീകരതയും ചർച്ചയും ഒരുമിച്ച് പോകില്ല. ഭീകരതയോട് ഒരു തരത്തിലുമുളള വിട്ടുവീഴ്ച്ചയുമുണ്ടാകില്ല. ഇത് ഇന്ത്യയുടെ ഉറപ്പാണ്. ആര്‍മിയും വ്യോമസേനയും നാവികസേനയും ബിഎസ്എഫും അര്‍ദ്ധ സൈനിക വിഭാഗവും ഇപ്പോഴും ജാഗ്രതയിലാണെന്നും ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി തന്നെ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.