Tuesday, May 12, 2026
Home » മുഖ്യമന്ത്രി ആര്? മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്
മുഖ്യമന്ത്രി ആര്? മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

മുഖ്യമന്ത്രി ആര്? മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്

by Editor

ന്യൂഡൽഹി: കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കങ്ങൾ ഊർജിതമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും കെ. സി വേണുഗോപാൽ, വി. ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ സമവായമുണ്ടാക്കാൻ ഹൈക്കമാൻഡിന് കഴിഞ്ഞിട്ടില്ല.

സമവായം അപ്രാപ്യമായി തുടരുന്ന സാഹചര്യത്തിൽ മുതിർന്ന നേതാക്കളുടെ കൂടി അഭിപ്രായം തേടിയ ശേഷം പ്രഖ്യാപനം നടത്താനാണ് നീക്കം. കെ. മുരളീധരൻ, കെ. സുധാകരൻ, എം. എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നാല് മുൻ കെപിസിസി പ്രസിഡൻ്റുമാരോട് അടിയന്തരമായി ഡൽഹിയിലെത്താൻ നേതൃത്വം നിർദേശിച്ചു. തിരുവഞ്ചൂരിനെയും, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അടിയന്തരമായി ഡല്‍ഹിയില്‍ എത്തിച്ചേരാനാണ് മുന്‍ കെപിസിസി അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയിലേക്ക് പോകില്ല. മുല്ലപ്പള്ളി ടെലിഫോണില്‍ അഭിപ്രായം അറിയിക്കും.

നേതൃത്വം വിളിച്ചു, ഞാൻ പോകുന്നു, പോകേണ്ടത് ബാധ്യതയാണെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രി പ്രഖ്യാനം വൈകുന്നതിൽ അസാധാരണമായി ഒന്നുമില്ല. എന്ത് തീരുമാനം ഉണ്ടായാലും ഉൾക്കൊള്ളും എന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ എന്നുണ്ടാകും എന്ന ചോദ്യത്തിന് അത് പറയേണ്ടത് ഞാൻ അല്ല എന്നും വിഷയത്തിലെ പൊതു ജനങ്ങളുടെ പ്രതിഷേധം ശ്രദ്ധിച്ചിട്ടില്ല എന്നുമായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ചെന്നൈയിലേക്കും മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്കും പോയതോടെ ചർച്ചകൾ താൽക്കാലികമായി നിലച്ചിരുന്നു. ഇരുവരും ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇന്ന് മുൻ അധ്യക്ഷന്മാരുമായി നടത്തുന്ന കൂടിക്കാഴ്‌ച നിർണായകമാകും. അന്തിമ പ്രഖ്യാപനം നീണ്ടുപോകുന്നത് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് കെ. സി വേണുഗോപാൽ പക്ഷം. മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശനും രമേശ് ചെന്നിത്തലയും അവകാശവാദം ശക്തമായി ഉന്നയിക്കുന്നുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായിക പരിഗണനകളും ചർച്ചകളിൽ പ്രധാനമാകുമ്പോൾ ഹൈക്കമാൻഡ് ആരെ കൈപിടിച്ചുയർത്തുമെന്നത് സംബന്ധിച്ച് ഡൽഹിയിൽ ഇപ്പോഴും വ്യക്തമായ സൂചനകളില്ല. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡിലെ ധാരണ. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം ആവര്‍ത്തിക്കുന്നുണ്ടോയെന്നും നേതൃത്വം നിരീക്ഷിച്ചുവരികയാണ്.

ബുധനാഴ്ചയോടെ തീരുമാനം വന്നേക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. തീരുമാനം നീളുന്നത് കോണ്‍ഗ്രസിന് ദേശീയ തലത്തിലും ക്ഷീണമായിരിക്കുകയാണ്. പ്രധാന മന്ത്രിയുടെ പരിഹാസത്തിന് പിന്നാലെ ശിവസേന ഷിന്‍ഡെ വിഭാഗവും കോണ്‍ഗ്രസിനെ പരിഹസിച്ചു. ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ ചോയ്സ് കെസി വേണുഗോപാലാണെന്നും, സംസ്ഥാനത്ത് പ്രതിഷേധം തണുക്കുന്നത് നോക്കി പ്രഖ്യാപനം വൈകിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘പ്രകടനങ്ങളും ഫ്ളക്‌സുകളും വേണ്ട’: തർക്കങ്ങൾ തെരുവിലേക്ക് പടരുന്നതിൽ കടുത്ത അതൃപ്തിയുമായി മുതിർന്ന നേതാക്കൾ.

Send your news and Advertisements

You may also like

error: Content is protected !!