ചെന്നൈ: മുതിർന്ന നേതാക്കളുടെ വീടുകളിൽ സന്ദർശനം നടത്തിക്കൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ശൈലിയുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ സ്റ്റാലിനെ വസതിയിലെത്തി വിജയ് നേരിൽകണ്ടു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തുന്നത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും എം.കെ സ്റ്റാലിനും ചേർന്നാണ് വിജയിയെ സ്വീകരിച്ചത്.
തന്റെ വീട്ടിലെത്തിയ വിജയിയെ കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന ഉദയനിധി സ്റ്റാലിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിജയിയെ ഹസ്തദാനം ചെയ്‌ത് കെട്ടിപ്പിടിച്ച് വീടിനത്തേക്ക് ആനയിക്കുന്ന എം.കെ സ്റ്റാലിനേയും ദൃശ്യങ്ങളിൽ കാണാം. എം.കെ സ്റ്റാലിൻ വിജയിയെ പൊന്നാടയണിയിച്ചപ്പോൾ ഉദയനിധി സ്റ്റാലിൻ പുസ്തകമാണ് സമ്മാനിച്ചത്.
സ്റ്റാലിന് പിന്നാലെ വൈക്കോയെയും എസ് രാമദാസിനെയും വീടുകളിലെത്തി വിജയ് കണ്ടു. വൈക്കോയുടെ വീട്ടിൽ ഹൃദ്യമായ രംഗങ്ങളാണ് അരങ്ങേറിയത്. വൈക്കോയുടെ കുടുംബാംഗങ്ങള്‍ ജോലിക്കാരെ വിജയ്ക്ക് പരിചയപ്പെടുത്തുകയും ഇവര്‍ വിജയ്ക്കാണ് വോട്ട് ചെയ്തതെന്ന് പറയുന്നതുമിപ്പോൾ വൈറൽ ആയിരിക്കുകയാണ്. ‘ജോലിക്കാര്‍ വിസില്‍ ചിഹ്നത്തിലാണ് വോട്ട് ചെയ്തത്’, എന്ന് വൈക്കോ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മൂന്ന് ജോലിക്കാരെയാണ് വിജയ്‌യെ പരിചയപ്പെടുത്തിയത്. ആരാധനയോടെ മൂന്ന് പേരും വിജയ്‌യെ നോക്കുന്നതും തിരിച്ച് സ്‌നേഹത്തോടെ വിജയ് ഇടപെടുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ ഒരുമിച്ച് ഫോട്ടോയും എടുക്കുന്നത് വൈറല്‍ വീഡിയോയില്‍ കാണാവുന്നതാണ്.
അണ്ണാദുരൈയെ പോലെയാണ് വിജയ് എന്ന് വൈക്കോ പറഞ്ഞു. പ്രതിപക്ഷ നേതാക്കളോട് പോലും ബഹുമാനം കാണിക്കുന്ന അണ്ണാദുരൈയുടെ മാതൃകയാണ് വിജയ് പിന്തുടരുന്നതെന്ന് വൈക്കോ ചൂണ്ടിക്കാട്ടി. വൈക്കോയുടെ പ്രസംഗവൈഭവത്തെ വിജയ്‌യും പ്രശംസിച്ചു. താന്‍ വൈക്കോയുടെ വലിയ ഫാനാണെന്ന് വിജയ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി താന്‍ നടത്തിയ ആദ്യത്തെ വലിയ രാഷ്ട്രീയ പ്രസംഗത്തിന് മുമ്പ് വൈക്കോയുടെ പ്രസംഗങ്ങള്‍ കണ്ടിരുന്നുവെന്ന് വിജയ് പറഞ്ഞു.
വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ കഴിഞ്ഞ ദിവസമാണ് അധികാരമേറ്റത്. 60 വർഷത്തിന് ശേഷമാണ് ദ്രാവിഡ പാർട്ടിയല്ലാത്ത ഒരു പാർട്ടി തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുന്നത്. വിജയിക്ക് പുറമെ ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് എന്നീ വകുപ്പുകളാണ് വിജയ് കൈകാര്യം ചെയ്യുന്നത്.
സി. ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ശ്രദ്ധേയ സാന്നിധ്യമായി തൃഷയും.

