കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ നിർണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. ജൂൺ ഒന്നു മുതൽ ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ പുതിയ സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത്, സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര, ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ അന്നപൂർണ ഭണ്ഡാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിലവിലുള്ള ഒരു സാമൂഹിക ക്ഷേമ പദ്ധതികളും നിർത്തലാക്കില്ലെന്ന് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ അറിയിച്ചു.
പ്രധാനമന്ത്രി ഉജ്ജ്വല യോഗ പ്രകാരമുള്ള പെൻഡിങ് അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കും. സംസ്ഥാനത്ത് ഭാരതീയ ന്യായ സംഹിത തിങ്കളാഴ്ച മുതൽ നടപ്പിലാക്കി. 2025 ജൂണിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സർക്കുലർ പ്രകാരം സെൻസസ് നടപടികൾ ഉടൻ ആരംഭിക്കാനും മന്ത്രിസഭാ യോഗം നിർദേശം നൽകി.
ഇതു കൂടാതെ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിലൊന്നായിരുന്നു നുഴഞ്ഞുകയറ്റം തടയുക എന്ന ലക്‌ഷ്യം പൂർത്തിയാക്കാനായി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമിക്കുന്നതിനായി അതിർത്തി രക്ഷാസേനയ്ക്ക് ആവശ്യമായ ഭൂമി 45 ദിവസത്തിനകം വിട്ടുനൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭൂമി കൈമാറ്റ നടപടികൾ തിങ്കളാഴ്‌ച തന്നെ ആരംഭിച്ചു. 45 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. ഇതോടെ നുഴഞ്ഞുകയറ്റ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ബംഗ്ലാദേശുമായുള്ള 4097 കിലോമീറ്റർ അതിർത്തിയിൽ അവശേഷിക്കുന്ന വേലി നിർമാണം ഉടൻ പൂർത്തിയാക്കാനാണ് തീരുമാനം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അതിർത്തി വേലി നിർമാണം ബോധപൂർവം വൈകിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ സ്ത്രീകൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളിൽ ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാം. വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്ന സ്ത്രീകൾക്കും ഈ തീരുമാനം വലിയ ആശ്വാസമാകും. ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പ്രധാന വാഗ്ദാനമായിരുന്ന അന്നപൂർണ ഭണ്ഡാർ പദ്ധതി അടുത്ത മാസം മുതൽ യാഥാർത്ഥ്യമാകും. പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഈ ധനസഹായം വിഭാവനം ചെയ്തിരിക്കുന്നതെന്ന് പുതിയ സർക്കാർ അറിയിച്ചു. പുതിയ ക്ഷേമ പദ്ധതികൾ അവതരിപ്പിക്കുമ്പോഴും സംസ്ഥാനത്ത് നിലവിലുള്ള മറ്റ് ആനുകൂല്യങ്ങളോ ക്ഷേമ പരിപാടികളോ നിർത്തിവെക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.

