ബെംഗളൂരു സ്വദേശികളായ ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദെയും ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്കോടിയിലേക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ചു. . ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദമ്പതികളാണ് ഇവർ. ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് ഇന്ത്യയിലെ ധനുഷ്കോടി വരെയുള്ള ഏകദേശം 32 കിലോമീറ്റർ ദൂരമാണ് ഇവർ നീന്തിയത്.
മെയ് 7-ന് നടന്ന ഈ സാഹസിക യാത്രയിൽ ഏകദേശം 32 കിലോമീറ്റർ ദൂരം 10 മണിക്കൂർ 45 മിനിറ്റുകൊണ്ട് പൂർത്തിയാക്കിയ ഇവർ, രാമസേതു പാതയിലൂടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദമ്പതികളായി മാറി. തലൈമാന്നാറിൽ നിന്ന് പുലർച്ചെ 4:30-നാണ് ഇവർ യാത്ര ആരംഭിച്ചത്. ഏകദേശം 10 മണിക്കൂർ 45 മിനിറ്റ് നീണ്ട കഠിനമായ നീന്തലിനൊടുവിൽ വൈകുന്നേരം 3.15-ഓടെ തമിഴ്‌നാട്ടിലെ ധനുഷ്കോടിയിൽ ഇവർ എത്തിച്ചേർന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും, പാരാമെഡിക്കൽ സംഘത്തിന്റെയും, സപ്പോർട്ട് ബോട്ടുകളുടെയും കടുത്ത സുരക്ഷാ മേൽനോട്ടത്തിലായിരുന്നു ഈ ദൗത്യം നിർവ്വഹിച്ചത്.
സോഫ്റ്റ്‌വെയർ രംഗത്ത് ജോലി ചെയ്യുന്ന ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദെയും വെറും നാല് വർഷം മുമ്പാണ് നീന്തൽ പരിശീലനം ആരംഭിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഒരു വെള്ളച്ചാട്ടത്തിന് സമീപമുണ്ടായ ഭയത്തിൽ നിന്നാണ് നീന്തൽ പഠിക്കണമെന്ന ആഗ്രഹം ഇവർക്കുണ്ടായത്. വരുംതലമുറയിലെ കായിക താരങ്ങളെയും സാഹസിക പ്രേമികളെയും പ്രചോദിപ്പിക്കുന്നതിനായി ഇവർ തങ്ങളുടെ യാത്രയുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഐടി മേഖലയിലെ തിരക്കിട്ട ജോലിക്കിടയിലും കഠിനമായ അച്ചടക്കത്തിലൂടെ ഇവർ നേടിയ ഈ വിജയം വലിയ പ്രശംസയാണ് സോഷ്യൽ മീഡിയയിൽ നേടുന്നത്.

