Tuesday, May 12, 2026
Home » ഭാവിയിൽ ഇന്ത്യയിൽ പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് സ്ഥാനമുണ്ടാകില്ലെന്നും ബദൽ ഇന്ധനങ്ങളിലേയ്ക്ക് മാറണമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി
നിതിന്‍ ഗഡ്കരി

ഭാവിയിൽ ഇന്ത്യയിൽ പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് സ്ഥാനമുണ്ടാകില്ലെന്നും ബദൽ ഇന്ധനങ്ങളിലേയ്ക്ക് മാറണമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി

by Editor

ന്യൂഡൽഹി: ഭാവിയിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് സ്ഥാനമുണ്ടാകില്ലെന്നും വാഹന നിർമാതാക്കൾ എത്രയും വേഗം പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്ക് മാറണമെന്നും ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ബസ്‌വേൾഡ് ഇന്ത്യ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഎൻജി, എൽഎൻജി, ബയോ ഫ്യൂവലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലേക്ക് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭാവിയിലെ പ്രധാന ഇന്ധനം ഹൈഡ്രജനായിരിക്കുമെന്നു പറഞ്ഞ അദ്ദേഹം രാജ്യത്തെ 10 പ്രധാന റൂട്ടുകളിൽ ഹൈഡ്രജൻ ട്രക്കുകളും ബസുകളും പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ച് തുടങ്ങി എന്ന് അറിയിച്ചു. ടാറ്റ മോട്ടോഴ്‌സ്‌, വോൾവോ, അശോക് ലെയ്‌ലൻഡ് തുടങ്ങിയ കമ്പനികൾ ഈ പദ്ധതിയിൽ സഹകരിക്കുന്നുണ്ട് ഇന്നത്തെ അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 1.5 ലക്ഷം ഇലക്ട്രിക് ബസുകൾ ആവശ്യമായി വരും. നിലവിലെ നിർമാണ ശേഷിയിലെ കുറവ് പരിഹരിക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തണം. രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും പരിസ്ഥിതി മലിനീകരണം തടയാനും ഈ മാറ്റം അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ സുലഭമായ എഥനോൾ ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്ന ഫ്ളെക്സ്-ഫ്യൂവൽ എഞ്ചിനുകൾ വികസിപ്പിക്കാൻ നിർമാതാക്കൾ തയ്യാറാകണം. ബസുകളുടെ ബോഡി നിർമാണത്തിൽ ഇനി സ്വയം സാക്ഷ്യപ്പെടുത്തൽ അനുവദിക്കില്ലെന്നും ഗഡ്‌കരി പറഞ്ഞു. പകരം ഫിസിക്കൽ, വീഡിയോ അപ്രൂവലുകൾ വഴി വിവരങ്ങൾ ‘വാഹൻ’ (Vahan) പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നത് നിർബന്ധമാക്കും.

ഭാവി ഡീസലിന്റേയോ പെട്രോളിന്റേയോ അല്ലെന്ന പറഞ്ഞ അദ്ദേഹം വാഹന നിർമാതാക്കൾ ഇനിയും ഈ മേഖലയിൽ മാത്രം നിക്ഷേപം കൂട്ടിയാൽ വലിയ ഭാവി ഉണ്ടാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യ പ്രതിവർഷം 22 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും വലിയ ഭാരമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഹൈഡ്രജൻ, എഥനോൾ (ബയോഫ്യുവൽ), ഇലക്ട്രിക് (EV), സി.എൻ.ജി (CNG), എൽ.എൻ.ജി (LNG) എന്നിവയിലേക്ക് വ്യവസായ മേഖല അതിവേഗം മാറണം.

ബസ്‌വേൾഡ് ഇന്ത്യ കോൺക്ലേവ് (Busworld India Conclave) എന്നത് ബസ്, കോച്ച് നിർമാണ മേഖലയിലെ അന്താരാഷ്ട്ര കൂട്ടായ്മയായ ‘Busworld’ ഇന്ത്യയിൽ നടത്തുന്ന പ്രമുഖ സമ്മേളനമാണ്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഈ കോൺക്ലേവ് 2026 ഏപ്രിൽ 28-ന് ന്യൂഡൽഹിയിലെ യശോഭൂമി (IICC) കൺവെൻഷൻ സെന്ററിൽ വെച്ച് വിജയകരമായി നടന്നു. ഇന്ത്യയിലെയും അന്താരാഷ്ട്രതലത്തിലെയും ബസ് നിർമാതാക്കൾ (OEMs), ബോഡി ബിൽഡർമാർ, സർവീസ് ഓപ്പറേറ്റർമാർ, നയരൂപകർത്താക്കൾ, നിക്ഷേപകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വേദിയാണിത്. 50-ലധികം വ്യവസായ പ്രമുഖർ സംസാരിക്കുകയും 350-ലധികം പ്രതിനിധികൾ പങ്കെടുക്കുകയും ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!