Tuesday, May 12, 2026
Home » ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരു അമേരിക്കൻ പൗരനുകൂടി ഹാൻ്റ വൈറസ് സ്ഥിരീകരിച്ചു.
ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരു അമേരിക്കൻ പൗരനുകൂടി ഹാൻ്റ വൈറസ് സ്ഥിരീകരിച്ചു.

ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരു അമേരിക്കൻ പൗരനുകൂടി ഹാൻ്റ വൈറസ് സ്ഥിരീകരിച്ചു.

by Editor

ഹാൻ്റ വൈറസ് രോ​ഗം റിപ്പോ‍ട്ട് ചെയ്ത ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരന് കൂടി രോ​ഗം സ്ഥിരീകരിച്ചു. അമേരിക്കൻ പൗരനായ യാത്രക്കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. കപ്പലിൽ നിന്ന് ഒഴിപ്പിച്ച് സ്വന്തം രാജ്യത്തേക്ക് മടക്കിയയച്ച 17 അമേരിക്കൻ യാത്രക്കാരിൽ ഒരാൾക്കാണ് പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. മറ്റൊരു യാത്രക്കാരനിൽ നേരിയ രോഗലക്ഷണങ്ങളും പ്രകടമായിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച അമേരിക്കൻ പൗരനെ നെബ്രാസ്ക മെഡിക്കൽ സെൻ്ററിലെ (Nebraska Medical Center) ബയോകൺടൈൻമെൻ്റ് യൂണിറ്റിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹത്തിന് മറ്റ് ഗുരുതര ലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

കപ്പലിൽ ഉണ്ടായിരുന്ന ഫ്രഞ്ച് പൗരനും രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. ഞായറാഴ്ച സ്പെയിനിലെ കാനറി ദ്വീപിൽ നങ്കൂരമിട്ട കപ്പലിൽനിന്ന് പുറത്തിറങ്ങി, സൈനിക, സർക്കാർ വിമാനങ്ങളിൽ ജന്മനാടുകളിലേക്ക് മടങ്ങിയവർക്കാണ് രോ​ഗം. കാനറി ദ്വീപിലെ ടെനറിഫെയിൽ ക്രൂയിസ് കപ്പൽ എത്തിച്ചേ‍ർന്ന ശേഷമാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. മാസ്ക് അടക്കം സുരക്ഷാ സാമ​ഗ്രികൾ ധരിച്ചാണ് ഉദ്യോ​ഗസ്ഥർ കപ്പലിൽനിന്ന് യാത്രക്കാരെ തീരത്തേക്ക് എത്തിച്ചത്. കപ്പലിൽനിന്ന് ആദ്യം പുറത്തിറക്കിയ സ്പെയിനിൽ നിന്നുള്ള യാത്രക്കാരെ മാഡ്രിഡിൽ എത്തിച്ചു സൈനിക ആശുപത്രിയിൽ എത്തിച്ചു. ഇതിനുശേഷം ഫ്രഷ് യാത്രക്കാരെ പാരിസിൽ എത്തിച്ചു.

കപ്പലിൽ ഉണ്ടായിരുന്ന ജാപ്പനീസ് പൗരന്മാർ ചാ‍ടർട്ടേഡ് വിമാനത്തിൽ ബ്രിട്ടണിൽ എത്തിയതായും 45 ദിവസത്തോളം ബ്രിട്ടീഷ് സർക്കാരിൻ്റെ നിരീക്ഷണത്തിൽ തുടരുമെന്നും ജാപ്പനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കപ്പലിൽ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, മുൻപ് കപ്പലിൽ യാത്ര ചെയ്ത് പലയിടങ്ങളിലായി ഇറങ്ങിയ മറ്റ് യാത്രക്കാരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് വിവിധ രാജ്യങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതർ.

അർജൻ്റീനയയിലെ ഉഷുവായയിൽനിന്ന് ഏപ്രിൽ ഒന്നിനാണ് എം വി ​ഹോണ്ടിയസ് കപ്പൽ യാത്ര തിരിച്ചത്. കാനറി ദ്വീപ് വരെയായിരുന്നു കപ്പലിൻ്റെ യാത്ര. കപ്പലിൽ ഹാൻ്റ വൈറസ് രോ​ഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് തുടർ‌ന്ന് മൂന്നുപേരാണ് മരണപ്പെട്ടത്. രോ​ഗം സ്ഥിരീകരിച്ച അഞ്ചുപേരെ കപ്പലിൽനിന്ന് മാറ്റിയിരുന്നു.

എലികളിലൂടെയും മറ്റ് കരണ്ടുതിന്നുന്ന ജീവികളിലൂടെയും (Rodents) മനുഷ്യരിലേക്ക് പകരുന്ന അതീവ ഗുരുതരമായ ഒരു വൈറസ് രോഗമാണ് ഹാൻ്റ വൈറസ് (Hantavirus). ഈ വൈറസ് ബാധിച്ച ജീവികളുടെ മൂത്രം, കാഷ്ഠം, ഉമിനീര് എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. സാധാരണയായി ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാറില്ല. എന്നാൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ആൻഡീസ് വൈറസ് (Andes virus) എന്ന ഹാൻ്റ വൈറസ് വകഭേദം അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിലേക്ക് പകരാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം ഹാൻ്റ വൈറസ് രോ​ഗബാധയെ തുടർന്ന് പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ​ഗെബ്രിയേസസ് അറിയിച്ചു. ഇത് കൊവിഡ് പോലൊരു മറ്റൊരു രോ​ഗബാധയല്ലെന്ന് ആവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!