Monday, May 11, 2026
Home » പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ജനങ്ങൾ കർശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ജനങ്ങൾ കർശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് നരേന്ദ്ര മോദി

by Editor

ഹൈദരാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് കാലത്തിന് സമാനമായി ജനങ്ങൾ കർശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. യുദ്ധം മൂലമുണ്ടാകുന്ന ആഗോള ഊർജ്ജ പ്രതിസന്ധിയും വിലക്കയറ്റവും നേരിടാനും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഹൈദരാബാദിൽ നടന്ന പൊതുചടങ്ങിൽ അദ്ദേഹം ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.

പ്രധാനമായും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗത്തിൽ പരമാവധി നിയന്ത്രണം ഏർപ്പെടുത്തണം. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി മെട്രോ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കാർപൂളിംഗ് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം രീതി പരമാവധി പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യ എണ്ണയുടെ ഉപയോഗത്തിൽ പത്തു ശതമാനം കുറവ് വരുത്തണമെന്നും രാജ്യം ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നും, ‘മേക് ഇൻ ഇന്ത്യ‘ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുകയും നിത്യോപയോഗ സാധനങ്ങൾക്ക് ഇന്ത്യൻ ബദലുകൾ തിരഞ്ഞെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങാതെ ജനങ്ങൾ സഹകരിക്കണം എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്വർണ്ണ ഇറക്കുമതി വർധിക്കുന്നത് വിദേശനാണ്യ ശേഖരം ഇടിയാൻ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് സ്വർണം വാങ്ങലിലും സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ അഭ്യർഥിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ട്രംപ്.

Send your news and Advertisements

You may also like

error: Content is protected !!