Monday, May 11, 2026
Home » ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ട്രംപ്.
ഇറാൻ അമേരിക്ക

ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ട്രംപ്.

by Editor

ദുബായ്: ഇറാനിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഡ്രോൺ ആക്രമണം. യുഎഇ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഇറാനിൽ നിന്ന് രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ അറിയിച്ചു. കുവൈറ്റിലേക്ക് നിരവധി തവണ ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി. ആക്രമണത്തിൽ ഖത്തർ തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു. എന്നാൽ ആക്രമണങ്ങളിൽ ആളപായമോ, ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് ഖത്തർ, യുഎഇ, കുവൈറ്റ് പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു.

അതേസമയം പാക്കിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളി. ഒട്ടും സ്വീകാര്യമല്ല എന്ന് വിശേഷിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്‍റ് നിർദേശം തള്ളിയത്. ഇറാന്‍റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കർശന ഉപാധിയെ ടെഹ്‌റാൻ ശക്തമായി എതിർക്കുന്നതാണ് നിലവിലെ തടസം.

കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയോടും ലോകത്തോടും ഒളിച്ചുകളി നടത്തുകയാണെന്നും തീരുമാനങ്ങൾ വൈകിപ്പിക്കുന്നതാണ് അവരുടെ ശൈലിയെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ഇറാൻ ഇനി നമ്മളെ നോക്കി ചിരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാന്‍റെ ആണവ പദ്ധതികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത അമേരിക്കൻ നിലപാട് പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

അതിനിടെ ഹോർമൂസ് കടലിടുക്കിൽ ഇറാൻ സൈനിക വിന്യാസം ശക്തമാക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരേ വീണ്ടും ഇറാൻ ഭീഷണി മുഴക്കി. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇറാനെ അമേരിക്ക ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ അമേരിക്കയെ സഹായിക്കുന്നവരെ തിരിച്ച് ആക്രമിക്കും. ഹോർമുസ് കടലിൽ തങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

യുഎഇ ലക്ഷ്യമാക്കി വീണ്ടും ഇറാന്റെ മിസൈലാക്രമണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദേശം

Send your news and Advertisements

You may also like

error: Content is protected !!