Monday, May 11, 2026
Home » പാക്കിസ്ഥാനിൽ ഭീകരാക്രമണം; 15 മരണം

പാക്കിസ്ഥാനിൽ ഭീകരാക്രമണം; 15 മരണം

by Editor

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ബോംബാക്രമണത്തിലും തുടർന്നുണ്ടായ വെടിവെപ്പിലും 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ബന്നു ജില്ലയിലുള്ള ഫത്തേ ഖേൽ പോലീസ് ചെക്ക് പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഭീകരർ പൊലീസ് ചെക്ക് പോസ്റ്റിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇതിന് പിന്നാലെ പ്രദേശം ശക്തമായ വെടിവെയ്പ്പിനും സ്ഫോടന പരമ്പരകൾക്കും സാക്ഷ്യം വഹിച്ചു. അത്യാധുനിക ആയുധങ്ങളുമായെത്തിയ ഭീകരർ വിവിധ ദിശകളിൽ നിന്ന് പൊലീസ് സ്റ്റേഷന് നേരെ വെടിയുതിർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണത്തെ ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മുഹമ്മദ് സൊഹൈൽ അഫ്രീദി അപലപിച്ചു. ഭീരുത്വപരമായ നീക്കമെന്നാണ് അദേഹം ഇതിനെ വിശേഷിപ്പിച്ചത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സുരക്ഷാ സേന പ്രത്യാക്രമണം ആരംഭിച്ചെങ്കിലും എത്ര ഭീകരർ കൊല്ലപ്പെട്ടു എന്നതിൽ വ്യക്തത വന്നിട്ടില്ല. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. തഹ്രീകെ താലിബാൻ പാക്കിസ്ഥാൻ ആണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നുണ്ടെങ്കിലും അഫ്ഗാൻ ഭരണകൂടം ഇത് നിഷേധിച്ചു.

ശക്തമായ സ്ഫോടനത്തിൽ പോലീസ് പോസ്റ്റ് പൂർണ്ണമായും തകരുകയും സമീപത്തെ നിരവധി വീടുകളുടെ മേൽക്കൂരകൾ തകരുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ പെട്ടാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത്.
തുടർച്ചയായുണ്ടായ സ്ഫോടനങ്ങളും വെടിയൊച്ചകളും ബാനു ജില്ലയിലെ ജനങ്ങളെ വലിയ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. വടക്കൻ വസീരിസ്ഥാനോട് ചേർന്നുള്ള മേഖലയായതിനാൽ ഇവിടെ ആക്രമണങ്ങൾ പതിവാണെങ്കിലും ഇത്രയധികം ആൾനാശം സംഭവിക്കുന്നത് ആദ്യമായാണ്.

Send your news and Advertisements

You may also like

error: Content is protected !!