ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ടിവികെയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി എഐഎഡിഎംകെയിൽ പിളർപ്പ്. ഒരു വിഭാഗം ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളായ എസ് പി വേലുമണി, സി വി ഷൺമുഖം എന്നിവരാണ് വിമത വിഭാഗത്തിന് നേതൃത്വം നൽകുന്നത്. വിമത വിഭാഗം എസ് പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായും, ജി ഹരിയെ ഉപനേതാവായും തെരഞ്ഞെടുത്തു.
ഇന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്യെ കാണാൻ ഉദ്ദേശിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് എഐഎഡിഎംകെയ്ക്ക് തുടർച്ചയായുണ്ടായ തോൽവികളാണ് ഈ മാറ്റത്തിന് കാരണമെന്നും ഷണ്മുഖം പറഞ്ഞു. ഡിഎംകെയ്ക്ക് എതിരെയാണ് ഈ പാർട്ടി രൂപീകരിച്ചത്. 53 വർഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡിഎംകെയ്ക്ക് എതിരാണ്. ഡിഎംകെയുടെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാനുള്ള നിർദേശം ഉയർന്നെങ്കിലും ഭൂരിഭാഗം അംഗങ്ങളും അതിനെ എതിർത്തു. ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാൽ എഐഎഡിഎംകെ എന്ന പാർട്ടി ഇല്ലാതാകുമെന്നും ഷൺമുഖം വ്യക്തമാക്കി.
നിലവിൽ ഔദ്യോഗിക സഖ്യങ്ങളില്ലാത്ത പാർട്ടിക്ക് പുതിയ രാഷ്ട്രീയ ദിശ ആവശ്യമാണെന്നാണ് ഷൺമുഖം വിഭാഗം പറയുന്നത്. പാർട്ടിക്കുള്ളിലെ പ്രതിസന്ധി പരിഹരിക്കാൻ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി അടിയന്തരമായി ജനറൽ കൗൺസിൽ യോഗം വിളിക്കണമെന്ന് വിമതർ ആവശ്യപ്പെട്ടു. പാർട്ടിയെ പിളർത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും എഐഎഡിഎംകെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് തന്നെ ടിവികെയെ പിന്തുണയ്ക്കുമെന്നും ഇവർ അറിയിച്ചു.
നിലവിൽ ഒരു സഖ്യത്തിലും ഇല്ലെന്ന് പറഞ്ഞ ഷൺമുഖം, പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലുമായിരിക്കും ഇനി തങ്ങളുടെ ശ്രദ്ധയെന്നും വ്യക്തമാക്കി. എന്നാൽ നിലവിലെ പിളർപ്പ് സർക്കാർ രൂപീകരണ ചർച്ചകൾക്കിടയിൽ ടിവികെയുമായി സഖ്യമുണ്ടാക്കാൻ വിസമ്മതം അറിയിച്ച എടപ്പാടി പളനിസ്വാമിയുമായി രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
തമിഴ്‌നാട്ടിലെ 234 സീറ്റുകളിൽ 108 എണ്ണവും നേടി വിജയ്യുടെ പാർട്ടി ആധിപത്യം ഉറപ്പിച്ചെങ്കിലും ഭൂരിപക്ഷം കടന്നില്ല. അഞ്ച് സീറ്റുകൾ കോൺഗ്രസും ബാക്കി ലീഗും സിപിഎമ്മും സിപിഐയും വിസികെയും നൽകി കേവല ഭൂരിപക്ഷം എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഷൺമുഖം പക്ഷം ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

