മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ജോലി ചെയ്‌തിരുന്ന ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. മോസ്കോയ്ക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. തകർന്നുവീണ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പെട്ട് ഒരു സ്ത്രീയും, പൊഗോറെൽകി ഗ്രാമത്തിൽ രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ട മറ്റ് മൂന്ന് പേർ. ആക്രമണത്തിൽ മറ്റ് മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
സമീപകാലത്ത് മോസ്കോ മേഖലയ്ക്ക് നേരെ യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണിത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി നടന്ന അതിശക്തമായ ഡ്രോൺ ആക്രമണത്തിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത്. മോസ്കോ ലക്ഷ്യമിട്ടെത്തിയ 81 ഡ്രോണുകൾ ഉൾപ്പെടെ റഷ്യയിലുടനീളം തങ്ങൾക്കെതിരെ വന്ന ആയിരത്തിലധികം ഡ്രോണുകൾ തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. മോസ്കോയിലെ ഒരു ഓയിൽ റിഫൈനറിയും പ്രധാന വിമാനത്താവളമായ ഷെറെമെറ്റീവോയും (Sheremetyevo) ഈ ആക്രമണത്തിൽ ലക്ഷ്യമിട്ടിരുന്നു
മോസ്കോയിലെ ഒരു പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റഷ്യൻ അതിർത്തിക്കുള്ളിലെ എണ്ണ ശുദ്ധീകരണ ശാലകളും എണ്ണ പമ്പിങ് സ്റ്റേഷനുകളും ലക്ഷ്യമിട്ടാണ് തങ്ങൾ വ്യോമാക്രമണം നടത്തിയതെന്ന് യുക്രെയ്ൻ സുരക്ഷാ സേനയും വ്യക്തമാക്കി. തങ്ങൾക്കെതിരെ റഷ്യ തൊടുത്തുവിട്ട 287 ഡ്രോണുകളിൽ 279 എണ്ണവും വിജയകരമായി വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമ സേന അറിയിച്ചു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മോസ്കോയിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ സംവിധാനങ്ങൾ റഷ്യ ശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ നയതന്ത്ര സഹായങ്ങളും ചികിത്സയും ലഭ്യമാക്കാൻ എംബസി അധികൃതർ രംഗത്തുണ്ട്.
യുക്രെയ്ൻ നഗരങ്ങളിൽ റഷ്യയുടെ കനത്ത ആക്രമണം; 800 ഓളം ഡ്രോണുകൾ റഷ്യ പ്രയോഗിച്ചതായി സെലൻസ്കി

